നഗര സഭയിലെ അങ്കണവാടികൾ- 71 എണ്ണം

സ്വന്തമായി കെട്ടിടമുള്ളവ-56 എണ്ണം

വാടകകെട്ടിടത്തിൽ- 13 എണ്ണം

കൊയിലാണ്ടി: വേനൽ കടുക്കുമ്പോഴും കുരുന്നുകൾ ആദ്യക്ഷരം പഠിക്കുന്ന കൊയിലാണ്ടി നഗര സഭയിലെ അങ്കണവാടികൾ അടിസ്ഥാന സൗകര്യമില്ലാതെ വലയുന്നു.നിന്ന് തിരിയാൻ പോലും ഇടമില്ലാതെ, കൊടും ചൂടിൽ പൊളിഞ്ഞു വീഴാറായ വാടക കെട്ടിടത്തിലാണ് അങ്കണവാടികൾ പ്രവർത്തിക്കുന്നത്. ആവശ്യത്തിന് വെള്ളമില്ല .ശുചി മുറിയില്ല. വൈദ്യുതിയില്ല. വാടകക്കെട്ടിടങ്ങളായതിനാൽ പലതിലും അടിസ്ഥാന സൗകര്യം തീരെ കുറവാണ്. മിക്ക അങ്കണവാടികളും ഒറ്റമുറിക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സമീപത്തുള്ള സ്ഥാപനങ്ങളുടേയും വീടുകളുടേയും കരുണയിലാണ് നിലവിൽ അങ്കണവാടികൾ പ്രവർത്തിക്കുന്നത്.

അങ്കണവാടികൾക്ക് സുരക്ഷിതമായ കെട്ടിടങ്ങളും ആവശ്യമായ സൗകര്യവും സംവിധാനവും ഉറപ്പാക്കേണ്ട തദ്ദേശ സ്ഥാപനങ്ങളാകട്ടെ ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥ പുലർത്തുകയാണ്.നഗരസഭയിലെ നാല്പത്തിനാല് ഡിവിഷനുകളിലും നിർമ്മാണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുമ്പോഴും അങ്കണവാടികളെ തീർത്തും അവഗണിച്ച മട്ടാണ്. 71 അങ്കണവാടികളാണ് കൊയിലാണ്ടി നഗരസഭയിലുള്ളത്. ഇതിൽ 56 - എണ്ണത്തിന് സ്വന്തമായി കെട്ടിടമുണ്ട്. ഉള്ള കെട്ടടമാണെങ്കിലോ രണ്ടും മൂന്നും സെന്റ് മാത്രം. 13 എണ്ണം വാടക കെട്ടിടത്തിലാണ്. രണ്ടെണ്ണത്തിന് നിലവിൽ വാടക കൊടുക്കണ്ട.

മുൻസിപ്പാലിറ്റിയിൽ ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ പഠിക്കുന്ന തണൽ ബീച്ച് റോഡിലെയും കാരക്കാട്ട് വളപ്പിലെ അങ്കണവാടികളും പരിമിതികളാൽ പൊറുതി മുട്ടിയിരിക്കുകയാണ്. റോഡിനോട് ചേർന്ന ഒറ്റമുറി ഷെഡിൽ 36 പേരാണുള്ളത്. വെള്ളത്തിന് ആശ്രയിക്കുന്നത് തൊട്ടടുത്തെ പള്ളിയെ ആണ്. അടുത്ത വീട്ടിൽ നിന്നാണ് വൈദ്യുതി. അടുക്കളയോട് ചേർന്നാണ് ശുചി മുറിയും. ടീച്ചർ ഹെൽപ്പറും തൊട്ടടുത്ത വീടുകളേയാണ് ആശ്രയിക്കാറ്. ഇരുപത് വർഷമായിട്ടും കെട്ടിടനമ്പർ കിട്ടിയിട്ടില്ല. 2000-ത്തിൽ തുടങ്ങി കാരക്കാട്ട് വളപ്പിൽ അംഗൻ വാടിയിൽ കഴിഞ്ഞ മാസം ടോയ്ലറ്റിനായി ക്ലോസെറ്റ് ലഭിച്ചെങ്കിലും കുഴിയെടുക്കാൻ സ്ഥലമില്ലാത്തതിനാൽ ക്ലോസെറ്റ് ഭദ്രമായി സൂക്ഷിച്ച് വെച്ചിരിക്കുകയാണ്.

അങ്കൺവാടിക്ക് വേണ്ടി സാമ്പത്തിക സഹായം പൂർവ്വവിദ്യാർത്ഥികൾ ഒരുക്കമാണെങ്കിലും മുൻ കൈ എടുക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. കുഴൽ കിണറുകളെല്ലാം തുരുമ്പെടുത്തു നശിച്ചതിനാൽ നഗഗസഭയിലെ ഭൂരിപക്ഷം അങ്കൻവാടികളിലും കുടിവെള്ളമില്ലാത്ത അവസ്ഥയിലാണ്. അങ്കൻവാടികളിൽ മതിയായ കുടി വെള്ളമെത്തിക്കാൻ നഗരസഭ പുതിയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും എന്ന് പ്രാവർത്തികമാകുമെന്നാണ് നാട്ടുകാർ ചേദിക്കുന്നത്.

നഗരസഭ 2021 - 2022 - ബജറ്റിൽ ഒന്നര കോടി രൂപ അങ്കണവാടികൾക്കായി നീക്കിവെച്ചിട്ടുണ്ട്. ഇതിന് പുറമെ എം.എൽ.എ , എം.പി ഫണ്ടുകളും. സന്നദ്ധ പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും ഒത്തു ചേർന്നാൽ കുരുന്നുകൾക്ക് കളിച്ച് പഠിക്കാൻ ഒരിടമുണ്ടാക്കാൻ കഴിയും.