ചാത്തമംഗലം: വൈദ്യുതിയും വെള്ളവുമില്ലാതെ വേനൽ ചൂടിൽ വാടുകയാണ് കോഴിമണ്ണ അങ്കണവാടിയിലെ കുട്ടികൾ. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ 115ാം നമ്പർ അങ്കണവാടിക്ക് ഇരുനില കെട്ടിടമുണ്ടെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് നാല് മാസമായിട്ടും വൈദ്യുതിയെത്തിയില്ല. പുതിയ കെട്ടിടത്തിൽ വയറിംഗ് പോലും ചെയ്യാതെയായിരുന്നു ഉദ്ഘാടനം. നേരത്തെ കുടിവെള്ളം കിട്ടിയിരുന്നു. അതും പതിനഞ്ച് ദിവസമായി മുടങ്ങികിടപ്പാണ്. അത്യാവശ്യത്തിനുള്ള വെള്ളം അടുത്തവീട്ടിൽ നിന്ന് കൊണ്ടുവരികയാണ്. കൊവിഡ് ഇളവുവന്നതോടെ മുഴുവൻ കുട്ടികളും എത്തുന്നില്ലെങ്കിലും 32 കുട്ടികൾ ഇപ്പോഴുണ്ട്. അങ്കണവാടി റോഡരികിലായതിനാൽ കുട്ടികൾ പുറത്ത് പോവാതിരിക്കാൻ വാതിലുകൾ അടച്ചിട്ടാൽ അസഹ്യമായ ചൂടാണ്. പി.ടി.എ റഹീം എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം പണിതത്. 2021 നവംബർ 17നായിരുന്നു അങ്കണവാടിയുടെ ഉദ്ഘാടനം.
' മകൻ വീട്ടിൽ വന്നാൽ വൈകീട്ട് 4 മണിക്ക് ഉറങ്ങാൻ കിടന്നാൽ പിറ്റേന്ന് രാവിലെയാണ് എഴുന്നേൽക്കുന്നത്. അന്വേഷിച്ചപ്പോഴാണ് അങ്കണവാടിയിലെ അവസ്ഥ മനസിലാവുന്നത്. അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയുമില്ല ". അബ്ദുൾ നസീർ കുഴിമയിൽ( രക്ഷിതാവ് ).
'അങ്കണവാടി സന്ദർശിച്ചപ്പോൾ അവിടെ വെള്ളവും വെളിച്ചവുമില്ല, കുട്ടികൾക്ക് പ്രാഥമിക ആവശ്യങ്ങൾ പോലും നിർവഹിക്കാൻ സൗകര്യമില്ലാത്തത് ഖേദകരമാണ്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ബാലാവകാശ കമ്മിഷൻ എത്രയും പെട്ടെന്ന് ഇടപെടണം". നൗഷാദ് തെക്കെയിൽ (മനുഷ്യാവകാശ പ്രവർത്തകൻ).