ksrtc
കെ.എസ്.ആർ.ടി.സി

കോഴിക്കോട്: ഗ്രാമീണ യാത്രാ ദുരിതത്തിന് പരിഹാരം കാണാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന ഗ്രാമവണ്ടിയുടെ ഭാവി ഇന്നറിയാം. സംസ്ഥാന ബഡ്ജറ്റിൽ ബസുകൾ ഓടിക്കാനുള്ള ചെലവിലേക്ക് എന്തു തുക വകയിരുത്തുമെന്നതിനെ ആശ്രയിച്ചായിരിക്കും ഗ്രാമവണ്ടി ഓടണോ വേണ്ടയോ എന്ന തീരുമാനം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന കെ.എസ്.ആർ.ടി.സി ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഏപ്രിലോടെ ബസുകൾ ഓടിക്കാനാണ് തീരുമാനം. ഇന്ധന തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകേണ്ടതിനാൽ ഇതുസംബന്ധിച്ച് ഗ്രാമപഞ്ചായത്തുകൾ, കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ എന്നിവർക്ക് സർക്കുലർ അയച്ചു കഴിഞ്ഞു. ഇന്ധനച്ചെലവ് ഇനത്തിൽ വലിയൊരു തുക അധിക ബാധ്യതയാവുമെന്ന വിലയിരുത്തലിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആവശ്യപ്രകാരമാണ് ബഡ്ജറ്റിൽ ഒരു വിഹിതം നീക്കിവെക്കാൻ ധാരണയായത്.
ബസ് സർവീസ് ഇല്ലാത്ത ഗ്രാമങ്ങളിലെ ജനങ്ങളുടെ യാത്രാപ്രശ്നത്തിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രാമവണ്ടി പദ്ധതിക്ക് കെ.എസ്.ആർ.ടി.സി തുടക്കമിട്ടത്. ഇന്ധന ചെലവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കുകയും ബസ് പരിപാലനത്തിനും ജീവനക്കാരുടെ ശമ്പളത്തിനും ടിക്കറ്റ് വരുമാനം ഉപയോഗിക്കുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി. പൊതുഗതാഗതം ശക്തിപ്പെടുത്തി സാധാരണക്കാർക്ക് ചുരുങ്ങിയ ചെലവിൽ യാത്ര ഉറപ്പുവരുത്താൻ കഴിയുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. സ്വകാര്യ മിനി ബസ് സർവീസ് നടത്തുന്ന റൂട്ടുകളിലും ട്രാൻ.ബസുകൾ ഓടിക്കാനാണ് നീക്കം. സംസ്ഥാനത്ത് നാനൂറിലധികം അധിക സർവീസുകൾ പദ്ധതിപ്രകാരം നടത്താനാവുമെന്നാണ് കണക്കുകൂട്ടൽ.