കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ തീർത്തും പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മറ്റു ദേവസ്വങ്ങളിൽ ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും ഇവിടെയില്ല.
കോൺഗ്രസ് അനുകൂല ദേവസ്വം യൂണിയനുകളുടെ ലയന സമ്മേളനം ഡി.സി.സി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ കയർ തൊഴിലാളികളേക്കാൾ പരിതാപകരമായ വേതന വ്യവസ്ഥയാണ് ക്ഷേത്ര ജീവനക്കാരുടേത്. മാറി വന്ന സർക്കാരുകൾ ക്ഷേത്ര ജീവനക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ടില്ല. ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾക്കായി പ്രശ്നം നിയമസഭയിൽ അവതരിപ്പിക്കുമെന്നും സതീശൻ പറഞ്ഞു.
മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ പ്രസിഡന്റ് എം.കെ.രാഘവൻ എം.പി അദ്ധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം എംപ്ലോയീസ് കോൺഗ്രസ്, കേരള ദേവസ്വം എംപ്ലോയീസ് യൂണിയൻ എന്നീ സംഘടനകളാണ് മലബാർ ദേവസ്വം സ്റ്റാഫ് യൂണിയനിൽ (ഐ.എൻ.ടി.യു.സി) ലയിച്ചത്.
ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എം.നിയാസ്, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.രാജീവ്, വി.പി.ഭാസ്‌കരൻ, കെ.എം.മുരളീധരൻ, ബാബുരാജ്, മധുസൂദനൻ കാടാമ്പുഴ, വിനോദ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.