പുൽപ്പള്ളി: രാജ്യസഭാംഗമായ സുരേഷ് ഗോപി ജില്ലയിലെ ഗോത്ര കോളനികളിൽ നടത്തിവരുന്ന സന്ദർശനത്തിന്റെ ഭാഗമായി കുളത്തൂർ കോളനിയിലെത്തി. അടിസ്ഥാന വർഗ്ഗത്തിന്റെ ഉന്നമനമാണ് ബി.ജെ.പി ലക്ഷ്യമാക്കുന്നതെന്നും ഗോത്രസമൂഹങ്ങൾക്ക് ആശാവഹമായ പുരോഗതിയുണ്ടാക്കാൻ തങ്ങൾ മുൻപന്തിയിലുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. കോളനിക്കാരുടെ പരാതികൾ കേട്ട അദ്ദേഹം അവിടത്തെ കുടിവെള്ള പ്രശ്നപരിഹാരത്തിനായി തന്റെ കൈയ്യിൽ നിന്ന് 66,500 രൂപ നൽകി 2 എച്ച്.പിയുടെ 2 മോട്ടോറും അനുബന്ധ സാമഗ്രികളും വാങ്ങി വൈകുന്നേരത്തോടെ കോളനിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമുണ്ടാക്കി. സിനേഷ് വാകേരി അദ്ധ്യക്ഷത വഹിച്ചു. സന്ദീപ് വാര്യർ, കെ.പി.മധു, മോഹൻദാസ്, കെ.ഡി.ഷാജി ദാസ്, സനൽകുമാർ, ബിജേഷ്, വാർഡ് മെമ്പർമാരായ അനുമോൾ ബിബിഷ്, സിന്ധു സാബു എന്നിവർ പ്രസംഗിച്ചു.