സുൽത്താൻ ബത്തേരി: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കഴുകന്മാരുള്ള വയനാട്ടിൽ ഇന്ന് മുതൽ കഴുകന്മാരുടെ കണക്കെടുപ്പ് ആരംഭിക്കും. ജില്ലയിലെ മൂന്ന് മേഖലകളിലായിട്ടാണ് കണക്കെടുപ്പ് നടക്കുന്നത്. വയനാട് വൈൽഡ് ലൈഫ് ഡിവഷൻ, സൗത്ത് വയനാട്, നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനുകളിലായിട്ടാണ് സെൻസസ് നടക്കുക. ഏറ്റവും കൂടുതൽ കടുവകളുള്ള വയനാട്ടിൽ അടുത്തിടെയാണ് അവയുടെ കണക്കെടുപ്പ് നടന്നിരുന്നു.
മൂന്ന് ഡിവിഷനുകളിലുമായി 24 ടീമുകളായാണ് കഴുകന്മാരുടെ കണക്കെടുപ്പ് നടത്തുന്നത്. ജില്ലയിൽ കൂടുതൽ കഴുകന്മാരെ കണ്ടെത്തിയിട്ടുള്ളത് മാനന്തവാടി തോൽപ്പെട്ടി റെയിഞ്ചിലെ നായ്ക്കട്ടി, മുത്തങ്ങ റെയിഞ്ചിലെ കാക്കപ്പാടം, കുറിച്ച്യാട് റെയിഞ്ചിലെ കഴുകൻകൊല്ലി എന്നിവിടങ്ങളിലാണ്. ഏഴ് ഇനം കഴുകന്മാരിൽ ആറ് എണ്ണവും നേരത്തെ വയനാട്ടിൽ കണ്ടെത്തിയിട്ടുണ്ട്. ചുട്ടികഴുകൻ, കാടിലകഴുകൻ, തോട്ടി കഴുകൻ, ഇന്ത്യൻകഴുകൻ, ഹിമാലയൻകഴുകൻ, കരിംകഴുകൻ എന്നിവയെയാണ് വയനാട്ടിൽ കണ്ടെത്തിയത്.
മറ്റെല്ലാ പക്ഷിമൃഗാദികളുടെയും എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതുപോലെ കഴുകന്റെ എണ്ണത്തിലും വംശവർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്. സെൻസസ് മൂന്ന് ദിവസംകൊണ്ട് പൂർത്തീകരിക്കും.