കോഴിക്കോട്: മഴക്കാല പൂർവശുചീകരണവുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ. ഇതുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത ജില്ലാതല ഉദ്യോഗസ്ഥരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെയും യോഗത്തിലാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. പ്രവർത്തനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പിനായി പ്രാദേശികതലത്തിലും ബ്ലോക്ക് തലത്തിലും ജില്ലാ തലത്തിലും വിദഗ്ധസമിതികൾ രൂപീകരിക്കും. പ്രധാന നദികളിലോ അവയുടെ കൈവഴികളിലോ ചെളിയും മറ്റ് അവശിഷ്ടങ്ങളും അടിഞ്ഞു കൂടിയിട്ടുണ്ടെങ്കിൽ മഴക്കാലത്തിനു മുമ്പായി അവ നീക്കം ചെയ്യണം. അഴുക്കുചാലുകൾ, കെെത്താടുകൾ എന്നിവയിലെ തടസങ്ങളും കയ്യേറ്റങ്ങളും അടിയന്തരമായി നീക്കം ചെയ്ത് ഇവ മഴക്കാലത്ത് ജനങ്ങൾക്ക് യാതൊരു വിധ ബുദ്ധമുട്ടുകളും ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. പ്രവർത്തനങ്ങൾക്കുള്ള തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണെങ്കിൽ പ്രവർത്തനത്തിന്റെ വിശദാംശങ്ങൾ എസ്റ്റിമേറ്റ് സഹിതം ജില്ലാതല കമ്മിറ്റിക്ക് സമർപ്പിക്കാനും ജില്ലാ കളക്ടർ നിർദേശം നൽകി.