coconut
പച്ചത്തേങ്ങ

കോഴിക്കോട്: കൊവിഡ് പ്രതിസന്ധിയിൽ അടിതെറ്റിവീണ കേരകർഷകർക്ക് പ്രതീക്ഷ നൽകി പച്ചത്തേങ്ങ വില ഉയർന്നു. മാസങ്ങൾ നീണ്ട ഇടവേളയ്ക്കുശേഷമാണ് തേങ്ങയ്ക്ക് വില കൂടുന്നത്. ഇതോടെ വിപണിയും സജീവമായി. കിലോയ്ക്ക് 32 രൂപ വരെ ഇപ്പോൾ വില ലഭിക്കുന്നുണ്ട്. ഒരു തേങ്ങയ്ക്ക് 12- 13 രൂപയാണ് വില. മുൻവർഷങ്ങളിൽ കിലോയ്ക്ക് 40- 43 വരെ ലഭിച്ചിരുന്നു.

യുദ്ധ പ്രതിസന്ധിയെ തുടർന്ന് യുക്രെയിനിൽ നിന്ന് സൂര്യകാന്തി എണ്ണയുടെ വരവ് നിലയ്ക്കുകയും വില ഉയരുകയും ചെയ്തതോടെ വെളിച്ചെണ്ണയ്ക്ക് ആവശ്യമേറിയാണ് കേരകർഷകർക്ക് അനുഗ്രഹമായത്. പാമോയിലിന്റെ വിലക്കയറ്റവും കർഷകർക്ക് തുണയായി. കാലവർഷം അനുകൂലമായതിനാൽ മെച്ചപ്പെട്ട വിളവാണ് ഇത്തവണ കർഷകന് ലഭിച്ചത്.

കുരങ്ങ്, വവ്വാൽ, വെള്ളീച്ച തുടങ്ങിയവയുടെ ശല്യം സഹിച്ചാണ് കേരകർഷകർ മുന്നോട്ട് പോകുന്നത്. തടം തുറക്കാൻ തെങ്ങ് ഒന്നിന് 100 രൂപ നൽകണം. തേങ്ങയിടാൻ 40-50 രൂപയും. അതിനിടെ വിലയും ഇടിഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലായിരുന്നു കർഷകർ.

സർക്കാരിന്റെ പച്ചത്തേങ്ങ സംഭരണവും നാഫെഡ് വഴിയുള്ള കൊപ്ര സംഭരണവും വേണ്ടത്ര ഫലം കണ്ടിരുന്നില്ല. കേരഫെഡിന്റെ നിബന്ധനകൾ ബുദ്ധിമുട്ടിക്കുന്നതായാണ് കർഷകരുടെ പരാതി. ചെറിയ പൊട്ടലുണ്ടെങ്കിൽ എടുക്കില്ല. വിളഞ്ഞിട്ടില്ലെന്ന് കാണിച്ച് നല്ലൊരു ഭാഗവും മാറ്റിയിടും. റവന്യൂ, കൃഷി ഓഫീസുകളിൽ നിന്ന് രേഖകളും മറ്റും സംഘടിപ്പിക്കാൻ കാലതാമസമുണ്ടാകുന്നതായും കർഷകർ പറയുന്നു. സർക്കാർ അനുവദിച്ച വില വിപണിയിലും ലഭിക്കുന്നതിനാൽ കേരഫെഡിനോടും നാഫെഡിനോടും കർഷകർക്ക് പ്രിയം കുറഞ്ഞിട്ടുണ്ട്.

' പച്ചത്തേങ്ങ സംഭരണം കൃഷി ഭവൻ വഴിയായിരുന്നപ്പോൾ കൃത്യമായി നടന്നിരുന്നു. സർക്കാർ നേരിട്ടെടുക്കാൻ തുടങ്ങിയതോടെ നൂറുകൂട്ടം നിബന്ധനകളാണ്. വിപണി വിലയിൽ നിന്ന് മാറ്റവുമില്ല. അതുകൊണ്ട് വിപണിയിൽ മൊത്തത്തിൽ തൂക്കി കൊടുക്കുന്നതാണ് ലാഭം. വില ഇനിയും കൂടുമെന്ന പ്രതീക്ഷയുണ്ട്. സോജൻ ആലയ്ക്കൽ'. കേര കർഷകൻ. കുറ്റ്യാടി