sm
മിഠായിത്തെരുവ്

കോഴിക്കോട്: കൊവിഡ് മഹാമാരിയോടെ പ്രതിസന്ധിയിലായ വ്യാപാരമേഖലയ്ക്ക് ഉണർവേകാൻ മിഠായിത്തെരുവിൽ നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഒരുക്കുന്നു. 19 ന് ആരംഭിക്കുന്ന 'വ്യാപാരോത്സവം - 2022" ജൂലായ് 16 വരെ നീളും.

മിഠായിത്തെരുവിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ഷോപ്പിംഗ് ഫെസ്റ്റിവലിൽ മുഴുവൻ വ്യാപാരികളും വഴിയോര കച്ചവടക്കാരുമെല്ലാം പങ്കാളികളാകുമെന്ന് വ്യാപാരി കൂട്ടായ്മ ചെയർമാൻ അബ്ദുൽ ഗഫൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫെസ്റ്റിവലിന്റെ ഉദ്ഘാടനം 19ന് രാത്രി 8 ന് ലാൻഡ് വേൾഡ് സെന്ററിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും.

മികച്ച ഡിസ്‌കൗണ്ടോടെയായിരിക്കും വില്പന. 250 രൂപയ്ക്ക് മുകളിലുള്ള എല്ലാ പർച്ചേസിനും സമ്മാനക്കൂപ്പൺ നൽകും.നറുക്കെടുപ്പിലൂടെ ഉപഭോക്താക്കൾക്ക് നിരവധി സമ്മാനങ്ങളും മെഗാ സമ്മാനങ്ങളും നൽകും. എല്ലാ രണ്ടാം ശനിയാഴ്ചയും രാത്രി 12 വരെ കച്ചവടസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും.

വാർത്താസമ്മേളനത്തിൽ എ.വി.എം.കബീർ, ഷഫീഖ് പാട്ടാട്ട്, അനിൽകുമാർ എന്നിവരും പങ്കെടുത്തു.