കോഴിക്കോട്: പൊള്ളുന്ന വെയിലിൽ രക്ഷകനായി തണ്ണിമത്തനെത്തി. നഗര- ഗ്രാമ വഴികളിലും വിപണികളിലുമെല്ലാം തണ്ണിമത്തൻ സുലഭമാണ്. കിലോയ്ക്ക് 20 രൂപയാണ് നഗരത്തിലെ വില. ഗ്രാമ പ്രദേശങ്ങളിൽ പല വിലയ്ക്കാണ് വിൽപ്പന. തമിഴ്നാട് തണ്ണിമത്തനാണ് കൂടുതലും വിപണിയിലുള്ളത്. മഞ്ഞ നിറമുള്ള ഇറാനി തണ്ണിമത്തനും എത്തുന്നുണ്ട്.
തമിഴ്‌നാട്ടിലെ ഊട്ടി, തിരുപ്പൂർ, മധുര, തേനി ജില്ലകളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും തണ്ണിമത്തൻ എത്തുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് വിളവെടുപ്പ്. തമിഴ്‌നാട്ടിലെ ഹെക്ടർ കണക്കിന് വരുന്ന തോട്ടം മൊത്തമായി വില പറഞ്ഞ് ഉടമകളിൽനിന്ന് വാങ്ങുന്ന വ്യാപാരികളും ഇടനിലക്കാരിൽ നിന്ന് വാങ്ങുന്ന വ്യാപാരികളുമുണ്ട്. കൊവിഡിൽ ജോലി നഷ്ടമായ നിരവധിപേർ ഇത്തവണ തണ്ണിമത്തൻ വിൽപ്പനയുമായി സജീവമായിട്ടുണ്ട്.