kozhikoe
kozhikode corporation

കോഴിക്കോട്: ടൂറിസം ഭൂപടത്തിൽ കോഴിക്കോടിന്റെ ലാൻഡ്മാർക്കായ ബീച്ചിന് പുതിയ മുഖം നൽകാൻ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനം. ഭക്ഷ്യസുരക്ഷ, പാർക്കിംഗ്, അനധികൃത കച്ചവടം, ശുചിത്വം, ലഹരി മാഫിയയുടെ പ്രവർത്തനം, അനധികൃത നിർമ്മാണം തുടങ്ങിയ വിഷയങ്ങളിലെല്ലാം ശക്തമായ നടപടി സ്വീകരിക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്പും ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദും കൗൺസിലിന് ഉറപ്പ് നൽകി.

ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവരെ ഉൾപ്പെടുത്തി പ്രത്യേക യോഗം വിളിക്കുമെന്ന് മേയർ അറിയിച്ചു. തീരുമാനം നടപ്പിൽവരുത്തുമ്പോൾ ആരും ശുപാർശകളുമായി വരുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു. ഹെൽത്ത് സ്ക്വാഡുകളുടെ പ്രവർത്തനം നടക്കുന്നുണ്ട്. അത് കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ അംഗം എം.സി.സുധാമണിയാണ് വിഷയത്തിൽ ചർച്ച തുടങ്ങിവെച്ചത്. ബീച്ചിൽ ലൈസൻസില്ലാതെ നിരവധി ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും കൃത്യമായ പരിശോധന നടക്കുന്നില്ലെന്നും അവർ അരോപിച്ചു. ബീച്ചിലെ ചില ഭാഗങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് നികുതി അപ്പീൽ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ.നാസർ പറഞ്ഞു. കച്ചവട സ്ഥാപനങ്ങൾ റോഡുകൾ കൈയേറുന്നതായി എസ്.കെ.അബൂബക്കർ ആരോപിച്ചു. ബീച്ച് പരിസരത്ത് നടക്കുന്ന അനധികൃത കെട്ടിട നിർമ്മാണങ്ങൾക്കെതിരെ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് കെ.മൊയ്തീൻകോയ പറഞ്ഞു.

വെസ്റ്റ്ഹിൽ ഭട്ട് റോഡ് ബീച്ചിൽ ലൈഫ് ഗാർഡിനെ നിയമിക്കണമെന്ന് എം.കെ. മഹേഷ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇവിടുത്തെ പാർക്കിൽ കുട്ടികളടക്കം നിരവധി സഞ്ചാരികൾ എത്തുന്നുണ്ടെന്നും ഇവരുടെ സുരക്ഷ പ്രധാനമാണെന്നും പ്രമേയത്തിൽ വ്യക്തമാക്കി.

സ്കൂൾ കോംമ്പൗണ്ടിൽ അങ്കണവാടി;
ഡി.ഡി.ഇയെ വിളിച്ച് ചർച്ച ചെയ്യും

കോഴിക്കോട്: സ്കൂൾ കോമ്പൗണ്ടുകളിലെ അങ്കണവാടികൾക്കെതിരെ എതിർപ്പുയർന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ വിളിച്ചുവരുത്തി ചർച്ച ചെയ്യാൻ കൗൺസിൽ യോഗത്തിന്റെ തീരുമാനം. പൊതുവിദ്യാലയങ്ങളോട് ചേർന്ന് സൗകര്യമുണ്ടെങ്കിൽ അങ്കണവാടികൾക്ക് പ്രവർത്തിക്കാമെന്ന സർക്കാർ ഉത്തരവിനെതിരെ സ്കൂൾ അധികൃതർ എതിർപ്പ് പ്രകടിപ്പിക്കുന്നതായി സൗഫിയ അനീഷ്, വി.പി.മനോജ് എന്നിവരാണ് കൗൺസിലിൽ ശ്രദ്ധ ക്ഷണിച്ചത്.

വെള്ളയിൽ സ്‌കൂളിലടക്കം അങ്കണവാടികൾ മാറ്റണമെന്ന് വിദ്യാലയ അധികൃതർ നിലപാടെടുത്തതായി കൗൺസിലർമാർ ആരോപിച്ചു. സർക്കാർ ഉത്തരവിനെ പറ്റി ബോധ്യപ്പെടുത്തിയിട്ടും സ്കൂൾ അധികൃതർ പുറംതിരിഞ്ഞുനിൽക്കുകയാണെന്ന് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.ദിവാകരൻ പറഞ്ഞു. കെ.ഈസ അഹമ്മദ്, കെ.മൊയ്തീൻ കോയ, എൻ.സി.മോയിൻകുട്ടി, അൽഫോൺസ മാത്യു എന്നിവർ സംസാരിച്ചു.

ജീവനക്കാർക്ക് പെൻഷൻ കൊടുത്ത വകയിൽ സർക്കാറിൽ നിന്ന് ലഭിക്കാനുള്ള 106 കോടി രൂപ ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.മൊയ്തീൻകോയ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മേയർ അവതരണാനുമതി നിഷേധിച്ചു. ഇതിൽ 51 കോടി നഗരസഭ തിരിച്ചടക്കേണ്ടതാണെന്നും പണം ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും മേയർ അറിയിച്ചു. നഗരസഭ 2020- 21 കാലത്ത് നടപ്പാക്കിയ മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിക്ക് കൂട് വിതരണം ചെയ്ത കമ്പനിക്ക് ലഭിക്കാനുള്ള 6.32 ലക്ഷം രൂപ കിട്ടിയില്ലെന്നും ഉപഭോക്താക്കളിൽ നിന്ന് പണം വാങ്ങി കോർപ്പറേഷന് തിരിച്ചടക്കാതെ ഉദ്യോഗസ്ഥർ തിരിമറി നടത്തിയെന്ന ആരോപണത്തെ തുടർന്ന് കോർപ്പറേഷൻ തല സമിതി നടത്തിയ അന്വേഷണ റിപ്പോർട്ട് കൗൺസിൽ അംഗീകരിച്ചു. 60 വയസ് കഴിഞ്ഞവർക്കുള്ള വയോജന ശാക്തീകരണ നയത്തിന് കൗൺസിൽ അംഗീകാരം നൽകി. നവ്യ ഹരിദാസ്, എം.സി.സുധാമണി, സി.എസ്.സത്യഭാമ, ടി.കെ.ചന്ദ്രൻ, വി.കെ. മോഹൻദാസ്, എസ്.കെ. അബൂബക്കർ, കെ.സി. ശോഭിത, എം.സി.അനിൽകുമാർ എന്നിവർ സംസാരിച്ചു.