
കോഴിക്കോട്: ബേപ്പൂർ തുറമുഖത്തിന്റെ സമഗ്രവികസനത്തിന് 15 കോടി രൂപയും ആർട്ട് ഗാലറി, കൃഷ്ണമേനോൻ മ്യൂസിയം എന്നിവയുടെ നവീകരണത്തിന് 28. 6 കോടി രൂപയും വകയിരുത്തിയതൊഴിച്ചാൽ സംസ്ഥാന ബഡ്ജറ്റിൽ കാര്യമായ പദ്ധതികളൊന്നുമില്ല കോഴിക്കോടിന്. ബഡ്ജറ്റിനു മുമ്പ് പ്രഖ്യാപിക്കപ്പെട്ട കിഫ്ബി പ്രോജക്ടുകളായ ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാതയും (2134.50 കോടി) കനാൽ സിറ്റി പദ്ധതിയുമാണ് (1118 കോടി) പ്രതീക്ഷയുണർത്തുന്ന വൻകിട പദ്ധതികൾ.
ഇത്തവണ ജില്ലാ വ്യവസായ കേന്ദ്രത്തിനോടു ചേർന്ന് വ്യവസായ യൂണിറ്റുകൾക്കും സ്റ്റാർട്ട് അപ്പുകൾക്കും ഇൻകുബേറ്ററുകൾക്കുമായി 2. 5 കോടി നീക്കിവെച്ചതും നേരിയ ആശ്വാസത്തിനു വക നൽകുന്നു. പക്ഷേ, പ്രതീക്ഷിച്ച പദ്ധതികൾ ഏറെയും ബഡ്ജറ്റിൽ ഇടം പിടിക്കാതെ പോയി. മാവൂർ ഗ്വാളിയോർ റയോൺസ് ഭൂമിയിലെ പുതുസംരംഭങ്ങൾ, കോംട്രസ്റ്റ് ഭൂമി പ്രയോജനപ്പെടുത്തൽ, മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് വികസനത്തിന്റെ പൂർണത, മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ള പുത്തൻ പ്രോജക്ടുകൾ, നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ 2012 മുതൽ പറഞ്ഞുകേൾക്കുന്ന മലാപ്പറമ്പിലെ മൊബിലിറ്റ് ഹബ്, ദേശീയപാതയിൽ മലാപ്പറമ്പിലെ ഓവർബ്രിഡ്ജ്, നാളികേര കർഷകരുടെ പ്രതീക്ഷയായ വേളത്തെ നാളികേര പാർക്ക് ... അങ്ങനെ നീളുന്ന ഇടം കിട്ടാത്ത പദ്ധതികളുടെ നിര. വർഷങ്ങളായി കാത്തിരിക്കുന്ന ലൈറ്റ് മെട്രോയ്ക്കും ഇക്കുറി സ്ഥാനം പിടിക്കാനായില്ല.
ബേപ്പൂരിൽ ആദ്യഘട്ടത്തിൽ
വിശാലമായ ഗോഡൗൺ
തുറമുഖ വികസനത്തിനു വേണ്ടി ഏറ്റെടുത്ത കോവിലകം ഭൂമിയിൽ ആധുനിക സൗകര്യങ്ങളോടെ വിശാലമായ ഗോഡൗൺ നിർമ്മിക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുക.
നിലവിൽ തുറമുഖത്ത് എത്തുന്ന ടൺ കണക്കിന് ചരക്ക് വാർഫുകളിൽ സംഭരിക്കുകയാണ്. ഇതിന് ചാർജും ഈടാക്കുന്നുണ്ട്. ഓരോ തവണയും എത്തുന്ന ചരക്കുകൾ ഗോഡൗണിലേക്ക് മാറ്റാൻ കഴിയുന്നതോടെ വാർഫിൽ സൂക്ഷിക്കുമ്പോഴുള്ള ബുദ്ധിമുട്ട് ഒഴിവാകും.
ബഡ്ജറ്റിൽ വകയിരുത്തിയ തുക ലഭിക്കുന്നതോടെ പുതിയ വാർഫ് നിർമാണത്തിനും തുടക്കം കുറിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഗോഡൗണിനു പുറമെ കപ്പൽചാലിന്റെ ആഴംകൂട്ടൽ, കപ്പലുകൾ അടുപ്പിക്കാൻ പുതിയ ബർത്ത് നിർമ്മാണം, കണ്ടെയ്നർ യാർഡിന്റെ നിർമ്മാണം തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടും. കപ്പൽചാലിന്റെ ആഴം കൂട്ടുന്നതോടെ വലിയ കപ്പലുകൾക്ക് ബേപ്പൂരിൽ അടുക്കാനാകും.
കുറ്റ്യാടിയ്ക്ക് ആശ്വാസം
കുറ്റ്യാടി: ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ കുറ്റ്യാടി നിയോജകമണ്ഡലത്തിന് ആശ്വസിക്കാൻ വകയേറെ.
എസ് മുക്ക് - വള്ള്യാട് - കോട്ടപ്പള്ളി റോഡ്, കുറ്റ്യാടി റസ്റ്റ് ഹൗസ്, കുറ്റ്യാടി ടൂറിസം പ്രോജക്ട്, മണിയൂർ ടൂറിസം പ്രോജക്ട്, ചെരണ്ടത്തൂർ, വേളം, ആയഞ്ചേരി, തിരുവള്ളൂർ, കുറ്റ്യാടി പാടശേഖരങ്ങളുടെ തോടുകൾ, ഉപതോടുകൾ നവീകരണം, ചങ്ങരോത്ത് താഴെ, കുറുങ്ങോട്ട് താഴെ വി സി ബി പുനർനിർമ്മാണം, എ.ഇ.ഒ ഓഫീസ് തോടന്നൂർ കെട്ടിട നിർമ്മാണം, കുറ്റ്യാടി പുഴയോര സംരക്ഷണം, കുറ്റ്യാടി (വേളം, മണിയൂർ, തിരുവള്ളൂർ പഞ്ചായത്തുകളിൽ ), കുന്നുമ്മൽ വോളിബാൾ അക്കാഡമി ഹോസ്റ്റൽ നിർമ്മാണം, കോട്ടപ്പള്ളി ആയുർവേദ ആശുപത്രി നിർമ്മാണം, വില്യാപ്പള്ളി, വേളം, ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം നിർമ്മാണം, ചോയിമഠം കോളനി പുനരുദ്ധാരണം, മൊകേരി കോളേജ് അടിസ്ഥാനസൗകര്യ വികസനം, മണിയൂർ ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയം, പുറമേരി ഇൻഡോർ സ്റ്റേഡിയം, കുറ്റ്യാടി കോക്കനട്ട് പാർക്ക്, വില്യാപ്പള്ളി - ആയഞ്ചേരി റോഡ്, കുനിങ്ങാട് - പുറമേരി - വേറ്റുമ്മൽ റോഡ് എന്നീ പദ്ധതികൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കെ.പി.കുഞ്ഞമ്മദ്കുട്ടി. എം.എൽ.എ പറഞ്ഞു.
രാമനാട്ടുകര - എയർപോർട്ട് റോഡ്
വികസനത്തിന് 500 കോടി
രാമനാട്ടുകര: സംസ്ഥാന ബഡ്ജറ്റിൽ രാമനാട്ടുകര -എയർപോർട്ട് റോഡ് വികസനത്തിന് 500 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. ഫറോക്ക് ചന്ത -ഗവ. മാപ്പിള യു പി സ്കൂൾ പുതിയ കെട്ടിടം, ബേപ്പൂർ ഹെൽത്ത് സെന്റർ വിപുലീകരണം, വ്യവസായ പാർക്ക്, കടലുണ്ടി റെയിൽവേ ലെവൽക്രോസ് മേൽപ്പാലം നിർമാണം, വട്ടക്കിണർ രാമനാട്ടുകര റോഡ് വികസനം, നല്ലൂർ ജി.എൽ.പി സ്കൂളിൽ നീന്തൽ പരിശീലനത്തിന് സ്വിമ്മിംഗ് പൂൾ, ഔട്ടർ റിംഗ് റോഡ് വികസനം, നല്ലളം ഗവ.ഹൈസ്കൂൾ ഹയർസെക്കൻഡറിയായി ഉയർത്തൽ, ചെറുവണ്ണൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ കെട്ടിട നിർമാണം, ഫാറൂഖ് കോളേജ് ഫറോക്ക് പേട്ട റോഡ് വീതി കൂട്ടൽ, കടലുണ്ടി കമ്മ്യൂണിറ്റി ഹാളിന് സ്ഥലം ഏറ്റെടുക്കൽ, ബേപ്പൂർ ഫിഷിംഗ് ഹാർബറിൽ പുതിയ ലേല ഹാൾ, ഫാറൂഖ് ചുങ്കം ചെക്ക് പോസ്റ്റ് സ്ഥലത്ത് മിനി സിവിൽ സ്റ്റേഷൻ, ചാലിയം ഫിഷ് ലാൻഡിംഗ് സെന്റർ നിർമാണം, രാമനാട്ടുകര ഫാമിലി ഹെൽത്ത് സെന്റർ കെട്ടിട നിർമാണം, കടലുണ്ടി പുഴയുടെയും പുല്ലിപ്പുഴയുടേയും പാർശ്വഭിത്തി കെട്ടൽ, ബേപ്പൂർ സ്റ്റീൽ കോംപ്ലക്സ് പുനരുദ്ധാരണം, നല്ലളം ചാലാറ്റി -കയറ്റിയിൽ പാലം പുതുക്കി പണിയൽ, ബേപ്പൂർ ഡയറി ട്രെയിനിംഗ് സെന്റർ നവീകരണം, കടലുണ്ടി കോട്ടക്കടവ് ബസ്സ്റ്റാൻഡ് സ്ഥലമേറ്റെടുക്കൽ, ബേപ്പൂർ കയർ ഫാക്ടറി, തൊണ്ടിക്കടവ് പാലം പുതുക്കി പണിയൽ, ബേപ്പൂർ മൃഗാശുപത്രി പോളിക്ലിനിക് ഉയർത്തൽ, ബേപ്പൂരിൽ തീരദേശ ഹോസ്പിറ്റൽ, ഗോതീശ്വരം ശ്മശാനം ആധുനിക വത്ക്കരണം എന്നിവയും ബഡ്ജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്.