സുൽത്താൻ ബത്തേരി: ബത്തേരി താലൂക്കിന് കീഴിൽ വരുന്ന ബാങ്കുകളിൽ വായ്പാ കുടിശികയായവർക്ക് ജപ്തി നടപടികളുടെ മുന്നോടിയായി നടത്തിയ റവന്യു റിക്കവറി അദാലത്തിൽ 140 പരാതികൾ പകുതി തുക ഇളവ് നൽകി പരിഹരിച്ചു.

2,53,30,653 രൂപയുടെ കുടിശികയാണ് 1,10,95,675 രൂപയ്ക്ക് തീർപ്പാക്കിയത്. ബത്തേരിയിലും പുൽപ്പള്ളിയിലുമായി നടന്ന അദാലത്തിൽ 536 പരാതികളാണ് ഉണ്ടായത്.
ബത്തേരി താലൂക്കിലുള്ള വിവിധ ബാങ്കുകളുടെ നാൽപ്പത്തിയഞ്ചോളം ബ്രാഞ്ചുകളിൽനിന്നുള്ള വായ്പാകുടിശികയായ തുകയുടെ മേലാണ് റവന്യു വകുപ്പ് റിക്കവറി അദാലത്ത് നടത്തിയത്. റവന്യു അധികൃതർ ബാങ്ക് അധികൃതരുമായും, വായ്പാ കുടിശികക്കാരുമായും സംസാരിച്ചാണ് ഒത്തുതീർപ്പാക്കിയത്. പലിശയും പിഴപലിശയും പൂർണമായും ഒഴിവാക്കിയാണ് ഇളവുകൾ നൽകിയത്.
വായ്പയെടുക്കാത്തവർക്കും വായ്പാ തുക അടച്ചുതീർത്തവർക്കും റിക്കവറി നോട്ടീസ് അയച്ചെന്ന പരാതിയിൽ റവന്യു വകുപ്പ് പരിശോധന നടത്തുന്നുണ്ട്. ബാങ്കുകൾ റിക്കവറിക്ക് റവന്യു വകുപ്പിന് ശുപാർശ ചെയ്തശേഷവും ബാങ്കിൽ പണമടച്ച വിവരം അറിയിക്കാത്ത കേസുകളിൽ റവന്യു റിക്കവറിക്ക് നോട്ടീസ് അയച്ചിട്ടുണ്ടാകും. ഇതെല്ലാം പരിശോധിച്ച് പരിഹരിക്കുമെന്ന് റവന്യു റിക്കവറി വിഭാഗം അറിയിച്ചു.