സുൽത്താൻ ബത്തേരി: വയനാടൻ കാടുകളിലെ കഴുകൻമാരുടെ കണക്കെടുപ്പ് തുടങ്ങി. വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ, സൗത്ത് വയനാട്, നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനുകളിലായിട്ടാണ് ഒരേസമയം കണക്കെടുക്കുന്നത്. ഇതിനായി മൂന്ന് അംഗങ്ങൾ വീതമുള്ള 24 ഗ്രൂപ്പുകളായി തിരിച്ചാണ് വനത്തിലേക്ക് കടന്നിട്ടുള്ളത്.

ഇന്നലെ രാവിലെ ബത്തേരി ഗജയിൽ സംഗമിച്ച സംഘത്തിന് വനം-വന്യജീവി വകുപ്പും കെഎഫ്ആർഎയും കണക്കെടുപ്പ് സംബന്ധിച്ച നിർദേശങ്ങൾ നൽകിയശേഷമാണ് വനത്തിലേക്ക് സംഘത്തെ അയച്ചത്.
കെഎഫ്ആർഎ യിലെ വിദഗ്ധർക്ക് പുറമെ തൃശ്ശൂരിലെ ഫോറസ്ട്രി കോളേജിൽ നിന്നുള്ളവരും പൂക്കോട് വൈൽഡ് ലൈഫ് സെന്റർ, മീഞ്ചന്ത,ഫാറൂഖ് കേളേജുകളിലെ തിരഞ്ഞടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളും പക്ഷി നിരീക്ഷകരുമാണ് കണക്കെടുപ്പിൽ പങ്കെടുക്കുന്നത്.

കാക്കതോട്, കഴുകൻകൊല്ലി, നായ്ക്കട്ടി എന്നിവിടങ്ങളിൽ കണക്കെടുപ്പിന് പോയ സംഘം കഴുകനെ കണ്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ വനത്തിൽ തങ്ങിയ സംഘം ഇന്നുംകൂടി നിരീക്ഷണം നടത്തിയശേഷം നാളെയോടെ കണക്കെടുപ്പ് പൂർത്തീകരിക്കും.
കേരളത്തിൽ വംശഭീഷണി നേരിടുന്ന കഴുകന്മാർ വയനാട്ടിൽ മാത്രമാണ് അവശേഷിക്കുന്നത്. വയനാട്ടിൽ ആറിനം കഴുകന്മാരെയാണ് ഇതിന് മുമ്പ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് ചുട്ടികഴുകനാണ്. കഴിഞ്ഞ പ്രാവശ്യത്തെ സെൻസസിൽ 83 ചുട്ടിക്കഴുകനും 12 കാതിലകഴുകനുമുണ്ടന്നാണ് കണക്ക്. ഇന്ത്യൻ കഴുകൻ, തോട്ടികഴുകൻ,ഹിമാലയൻ കഴുകൻ, കരിംകഴുകൻ എന്നിവയാണ് വയനാട്ടിൽ കണ്ടുവരുന്ന മറ്റ് കഴുകന്മാർ മൃഗങ്ങളുടെയും മറ്റും അഴുകിയ ജഡാവശിഷ്ടങ്ങൾ കിടക്കുന്നിടത്താണ് ഇവ വട്ടമിട്ട് പറക്കുന്നതായി കണ്ടിട്ടുള്ളത്.