കോഴിക്കോട് : ആവിക്കൽ തോട്, കോതി മലിനജല സംസ്കരണ പ്ലാന്റ് എന്നിവയുടെ പ്രവൃത്തി ജനങ്ങളെ ബോദ്ധ്യപ്പെടുത്തി നടപ്പാക്കാൻ സർവകക്ഷിയോഗ തീരുമാനം. മേയറുടെ അദ്ധ്യക്ഷതയിൽ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ് തീരുമാനമായത്. വളരെ വേഗത്തിൽ വളരുന്ന നഗരത്തിന് അനിവാര്യമായ ഒന്നാണ് എസ്.ടി.പിയെന്നും കോർപ്പറേഷൻ പരിധിയിൽ മുഴുവൻ സ്വീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ സ്ഥാപിക്കാൻ കോർപ്പറേഷന് പദ്ധതിയുണ്ടെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.

ജനങ്ങളുടെ ആരോഗ്യവും ജീവിതവും സംരക്ഷിക്കുന്നതിനാണ് ഈ പദ്ധതി. അത് കൊണ്ട് തന്നെ ആണ് താരതമ്യേന ജനസാന്ദ്രത കൂടിയ തീരദേശ വാർഡുകൾക്കു മുൻഗണന നൽകി ഇതിനായി തിരഞ്ഞെടുത്തത്. മറ്റു പല സ്ഥലങ്ങളിലും നിലവിൽ എസ്. ടി .പി കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. അത് ജനങ്ങളെ നേരിൽ ബോദ്ധ്യപ്പെടുത്തി മുന്നോട്ട് പോകും. പ്ലാന്റിന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് മുഴുവൻ രാഷ്ട്രീയ കക്ഷികളുടെയും ഉത്തരവാദിത്തമാണെന്നും മേയർ വിശദീകരിച്ചു.

കോഴിക്കോട് നഗരത്തിൽഈ പദ്ധതി. മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് കക്ഷി രാഷ്ട്രീയ നേതാക്കളുടെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെയും യോഗം ഐക്യകണ്‌ഠേന അംഗീകരിച്ചു. കോതി, വെള്ളയിലെ ആവിക്കൽ തോട് പ്രദേശത്തെ താമസക്കാരായ ഏതാനും ആളുകൾക്ക് പ്ലാന്റ് സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിന് കോർപ്പറേഷൻ മുൻകൈ എടുത്ത് നടപടികൾ സ്വീകരിക്കും. എസ്.ടി.പിക്കെതിരെ തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങൾ നടത്തി ജനങ്ങളിൽ ആശയ കുഴപ്പമുണ്ടാക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ രാഷ്ട്രീയ കക്ഷികളുടെ ഭാഗത്ത് നിന്നുണ്ടാവില്ല തുടങ്ങിയ തീരുമാനങ്ങൾ കക്ഷി രാഷ്ട്രീയ ഭേദമന്യേ അംഗീകരിച്ചു.

യോഗത്തിൽ എളമരം കരീം എം.പി , ജില്ലാ കളക്ടർ എൻ.തേജ് ലോഹിത് റെഡ്ഢി, ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷന്മാരായ ഒ.പി.ഷിജിന, പി.ദിവാകരൻ,പി.സി.രാജൻ, കെ. കൃഷ്ണകുമാരി, പി.കെ.നാസർ, കെ.രേഖ,കൗൺസിലർമാരായ ,കെ.സി ശോഭിത, മൊയ്തീൻകോയ, നവ്യ ഹരിദാസ്, ഒ.സദാശിവൻഎൻ.സി.മോയിൻകുട്ടി, എസ്.എം തുഷാര, മുഹ്‌സിന,

സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ പ്രവീൺ കുമാർ, സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ, ബി.ജെ.പി ജില്ല സെക്രട്ടറി ഇ. പ്രശാന്ത് കുമാർ, മുൻ എം.എൽ.എ എ. പ്രദീപ്കുമാർ, സുനിൽ സിംഗ് (എൻ.സി.പി), പി. കിഷൻ ചന്ദ് (എൽ.ജെ.ഡി) , ശർമദ് ഖാൻ (ഐ.എൻ.എൽ) ,സത്യ ചന്ദ്രൻ (കോൺഗ്രസ് എസ്), ചാലിൽ മൊയ്ദീൻ കോയ (സി.എം.പി) എന്നിവർ പങ്കെടുത്തു.