മാനന്തവാടി: കോമ്പ്രിഹെൻസീവ് ഹീമോഗ്ലോബിനോപ്പതി റിസേർച്ച് സെന്റർ നിർമാണം ഒരു വർഷം കഴിഞ്ഞിട്ടും നടപ്പാക്കാത്തതിനെതിരെ ജില്ലയിലെ അരിവാൾ രോഗികൾ ആശുപത്രിക്ക് തറക്കല്ലിട്ട ബോയ്സ് ടൗണിലെ ഭൂമിയിൽ സഹന സമരം നടത്തി.

2021 ഫെബ്രുവരി 14 ന് കെ.കെ.ശൈലജയാണ് തവിഞ്ഞാൽ പഞ്ചായത്തിലെ ഗ്ലൻലവൻ എസ്റ്റേറ്റിൽ ആശുപത്രിക്ക് തറക്കല്ലിട്ടത്. സർക്കാർ കണക്കനുസരിച്ച് ജില്ലയിൽ 1002 അരിവാൾ രോഗികൾ ഉണ്ട്.
വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്ക് പുറമെ കുടക്, മൈസൂർ, നീലഗിരി ജില്ലകളിലെയും അരിവാൾ രോഗികൾക്ക് ആശ്വാസം നൽകുന്നതായിരുന്നു ഇത്.എന്നാൽ വർഷം ഒന്ന് കഴിഞ്ഞെങ്കിലും ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല.
ആശുപത്രിയുടെ നിർമാണ പ്രവർത്തനം ഉടൻ ആരംഭിക്കുക,
വയനാട് മെഡിക്കൽ കോളേജിൽ സ്‌പെഷ്യൽ യൂണിറ്റ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്
രോഗികൾ സഹന സമരം നടത്തിയത്.
സമരത്തിന് സിക്കിൾ സെൽ അനീമിയ പേഷ്യന്റ്സ് അസോസിയേഷൻ ഭാരവാഹികളായ സി.ഡി.സരസ്വതി, ടി.മണികണ്ഠൻ, സി.ആർ.അനീഷ്, എം.കെ.ശിവരാമൻ എന്നിവർ നേതൃത്വം നൽകി.