raghavan
എം.കെ.രാഘവൻ

കോഴിക്കോട്: കോഴിക്കോടിന്റെ വികസന പ്രശ്‌നങ്ങളെ എൽ.ഡി.എഫ് സർക്കാർ തുടർച്ചയായി അവഗണിക്കുകയാണെന്ന് എം.കെ.രാഘവൻ എം.പി പറഞ്ഞു. ജില്ല പ്രതീക്ഷയർപ്പിച്ച പദ്ധതികൾ പരാമർശമിക്കുക പോലും ചെയ്യാത്ത ബഡ്‌ജറ്റ് നിരാശാജനകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കരിപ്പൂർ വിമാനത്താവളം, ലൈറ്റ് മെട്രോ, മൊബിലിറ്റി ഹബ്, മെഡിക്കൽ കോളേജ് ഐസൊലേഷൻ ബ്ലോക്ക് എന്നിങ്ങനെ സർക്കാരിന് മുന്നിൽ നിരന്തരം മുന്നോട്ടുവെച്ച പദ്ധതികൾക്ക് ഒന്നിനും ബഡ്‌ജറ്റിൽ തുക വകയിരുത്തിയില്ല. വിമാന ദുരന്തത്തിന് ശേഷം കോഴിക്കോട് വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ സർക്കാർ നടത്തിയിരുന്നു. എന്നാൽ ബഡ്‌ജറ്റിൽ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ തുക അനുവദിച്ചില്ല.

നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മലാപ്പറമ്പിൽ സ്ഥാപിക്കാനുദ്ദേശിച്ച മൊബിലിറ്റി ഹബ് യാഥാർത്ഥ്യമായിട്ടില്ല. കെ റെയിലിനായി തിരക്കിട്ട പ്രവർത്തനങ്ങൾ നടക്കുമ്പോഴും നഗരത്തിലെ ലൈറ്റ് മെട്രോ പദ്ധതിയെക്കുറിച്ച് മൗനം പാലിക്കുകയാണ്. 2773 കോടി ചെലവ് പ്രതീക്ഷിച്ചിരുന്ന പദ്ധതി സർക്കാർ ഉപേക്ഷിച്ചോ എന്ന് വ്യക്തമാക്കണം. മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡിന്റെ നവീകരണത്തിനായി സ്ഥലമേറ്റെടുക്കാൻ തുകയുണ്ടെങ്കിലും പണി ആരംഭിക്കാൻ ബഡ്‌ജറ്റ് വിഹിതം വേണം.

കഴിഞ്ഞ ബഡ്ജറ്റിൽ കണ്ണൂർ അഴീക്കൽ തുറമുഖ വികസനത്തിന് 3.000 കോടി രൂപ അനുവദിച്ചിട്ടും കോഴിക്കോടിന് ഒന്നും അനുവദിക്കാതിരുന്ന പശ്ചാത്തലത്തിൽ നാമമാത്രമാണെങ്കിലും ഈ ബഡ്‌ജറ്റിൽ ബേപ്പൂർ തുറമുഖത്തിന് 41.51 കോടി രൂപ അനുവദിച്ചത് സ്വാഗതാർഹമാണ്.

എരഞ്ഞിപ്പാലത്തെ മേൽപാലമടക്കം പഴയ പ്രഖ്യാപനങ്ങൾ നടപ്പാക്കാനുണ്ട്. തീരദേശ ഹൈവേ, എരഞ്ഞിപ്പാലം മേൽപാലം, ഐ.ടി മേഖലാ വികസനം, ബീച്ച് നവീകരണം, പുതിയപാലത്ത് നേരത്തെ പ്രഖ്യാപിച്ച വലിയപാലം, നഗരപാതാ വികസന പദ്ധതി രണ്ടാംഘട്ടം തുടങ്ങിയവയൊന്നും ബഡ്‌ജറ്റിൽ പരാമർശിക്കപ്പെട്ടില്ലെന്ന് എം.പി ചൂണ്ടിക്കാട്ടി.