
കോഴിക്കോട്: സംസ്ഥാന ബഡ്‌ജറ്റ് പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് കാലിക്കറ്റർ ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചൂണ്ടിക്കാട്ടി.
റവന്യൂ വരുമാനം പൂർണമായും ശമ്പളത്തിനും പെൻഷനും ഉപയോഗിക്കുകയും വികസന പ്രവർത്തനങ്ങൾക്ക് കിഫ്ബിയെ ആശ്രയിക്കുകയുമാണ് ചെയ്യുന്നത്. കടമെടുത്തു വികസനം നടത്തുകയും ഇത് നികത്താൻ ജനങ്ങളിൽ നിന്ന് വീണ്ടും നികുതി പിരിക്കുകയും ചെയ്യുന്നു. ചെലവു ചുരുക്കലിന് പ്രാധാന്യം നൽകിയിട്ടില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്നത് വ്യാപാരമേഖലയാണ്. രണ്ടു പ്രളയവും കൊവിഡും കാരണം ആയിരക്കണക്കിന് വ്യാപാര സ്ഥാപനങ്ങൾ പൂട്ടിയപ്പോൾ ഈ മേഖലയെ പുന:രുജ്ജീവിപ്പിക്കാൻ ഒരു സഹായവുമുണ്ടായില്ല.
അടിസ്ഥാനസൗകര്യവികസനത്തിന് ഊന്നൽ നൽകുന്നത് പ്രശംസനീയമാണ്. കോഴിക്കോട് എയർപോർട്ട് വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തു നൽകാത്തത് നിരാശാജനകമാണ്.
ചേംബർ ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ പ്രസിഡന്റ് റാഫി പി.ദേവസ്സി, സെക്രട്ടറി എ.പി.അബ്ദുള്ളക്കുട്ടി, മുൻ പ്രസിഡന്റ് സുബൈർ കൊളക്കാടൻ, എം.കെ.നാസർ, ടി.പി.അഹമ്മദ്‌കോയ എന്നിവർ പങ്കെടുത്തു.