kudumbasree
കുടുംബശ്രീ

കോഴിക്കോട്: കുടുംബശ്രീ സ്ത്രീശക്തി കലാജാഥയ്ക്ക് ഇന്ന് നഗരത്തിൽ സ്വീകരണം. രാവിലെ 10 മണിക്ക്‌ ബേപ്പൂരിൽ നിന്ന് ആരംഭിച്ച് മാനാഞ്ചിറ, മൊഫ്യൂസൽ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകീട്ട് കോഴിക്കോട് ബീച്ചിൽ സമാപിക്കും.സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ വർദ്ധിക്കുന്ന വർത്തമാന കാലത്ത് ഇതിനെതിരെ വ്യക്തമായ സന്ദേശം പകർന്നാണ് ജാഥ മുന്നേറുന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് ജാഥ പര്യടനം നടത്തുന്നത്.
. പെൺകാലം, അത് ഞാൻ തന്നെയാണ്, സദസിൽ നിന്നും അരങ്ങിലേക്ക് എന്നീ ലഘുനാടകങ്ങളും പാടുക ജീവിതഗാഥകൾ, പെൺ വിമോചന കനവുത്സവം എന്നീ സംഗീത ശില്പങ്ങളുമാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള ജാഥയുടെ ഭാഗമായി അവതരിപ്പിക്കുന്നത്. കുടുംബശ്രീയുടെ തിയേറ്റർ ഗ്രൂപ്പായ രംഗശ്രീയിലെ എം.ബിജി, സി.മാധവി, പി.രതി, പി.റീജ, എം.എം.ലീന, കെ.ടി.പാർവതി, പി.ബിന്ദു, പി.പ്രമീള, സി.നിഷ, വി.നൈനി, കെ.കെ.സരോജിനി, സി.വി.രാജി എന്നിവരാണ് ജാഥാംഗങ്ങൾ.