പരീക്ഷകളോട് നിസംഗമനോഭാവം, ആശങ്കയിൽ അദ്ധ്യാപകരും രക്ഷിതാക്കളും

കുന്ദമംഗലം: ചുട്ടുപൊള്ളുന്ന വെയിലിനൊപ്പം പരീക്ഷാക്കാലം വന്നെങ്കിലും തണുപ്പൻ മട്ടിൽ വിദ്യാർത്ഥികൾ.

ദീർഘകാലത്തെ കൊവിഡ് ഇടവേളകൾ കൗമാരപ്രായക്കാരായ വിദ്യാർത്ഥികളിൽ മാറ്റങ്ങൾ വരുത്തിയതിനാൽ എന്തെഴുതിയാലും പാസാകുമെന്ന മട്ടിലാണ് പലരും. ക്ലാസുകളിൽ പലകുട്ടികളും അസ്വസ്ഥരാണെന്നും വരാനിരിക്കുന്ന പരീക്ഷകളെ പലരും ഗൗരവമായി ഇതുവരെ എടുത്തിട്ടില്ലെന്നാണ് അദ്ധ്യാപകർ പറയുന്നത്. ഇതു മൂലം വരുന്ന പരീക്ഷകളിൽ കുട്ടികളുടെ പ്രകടനം മോശമായിരിക്കുമെന്ന ആശങ്കയിലാണ് അദ്ധ്യാപകരും രക്ഷിതാക്കളും.

കൊവിഡ് കാലത്തെ ഓണലൈൻ പഠനം പൂർണ്ണമായും ഉപയോഗപ്പെടുത്തിയവർ നാൽപ്പത് ശതമാനം പോലും വരില്ലെന്നാണ് അദ്ധ്യാപകർ പറയുന്നത്. അതിര് കവിഞ്ഞ മൊബൈൽഫോൺ ഉപയോഗം അപകടകരമായ പുതിയ മേച്ചിൽപുറങ്ങൾ കുട്ടികൾക്ക് മുമ്പിൽ തുറന്നിട്ടു. കൊവിഡ് ഇടവേളകൾക്കു ശേഷവും ഓൺലെെൻ നീരാളിപിടിത്തത്തിൽ നിന്ന് കുട്ടികൾ മുക്തരായിട്ടില്ല.

കെജെ.പോൾ (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ) : രക്ഷിതാക്കൾ കുട്ടികളുമായി തുറന്നുപറച്ചിലുകൾ വേണം. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കണം. ചർച്ച ചെയ്യണം. കൂടാതെ അദ്ധ്യാപകർ ക്ലാസ് പ്രവർത്തനത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണം.

വി.മുഹമ്മദ്ബഷീർ (പ്രധാനഅദ്ധ്യാപകൻ): പലകുട്ടികളും കൊവിഡിന് ശേഷം അദ്ധ്യാപകരുമായി അടുപ്പമില്ലാത്തവരായിരിക്കയാണ്. നല്ലൊരുശതമാനം കുട്ടികളും ശരിക്കും മൊബൈൽഫോൺ അടിമകളായിമാറിയിട്ടുണ്ട്. അതിന്റെ പരിണിതഫലം അനുഭവപ്പെട്ട് തുടങ്ങി. അത് പരീക്ഷകളിലും പ്രകടമായേക്കും.

കൃഷ്ണൻ.ഒ.പി.(ഹയർസെക്കണ്ടറി അദ്ധ്യാപകൻ): കോവിഡ് ഇടവേളക്ക് ശേഷം കുട്ടികൾ വൈകി ഉണരുന്നവരായി. പലർക്കും കൃത്യനിഷ്ഠയില്ല. പരീക്ഷകളെ ഗൗരവമായി കാണുന്നില്ല. സാമാന്യബോധം നഷ്ടപ്പെട്ടു. നിരന്തരമായ മൊബൈൽഫോൺ ഉപയോഗം സഹപാഠികളോടുള്ള സമീപനത്തിലും മാറ്റങ്ങളുണ്ടാക്കി. പ്ലസ്ടു കുട്ടികളിൽ ഉള്ളടക്കം തീരെയില്ല. ഫുൾ എപ്ലസ് നേടിയവരുടെ കാര്യം പോലും കഷ്ടമാണ്.

പി.അബ്ദുറഹിമാൻ( ഹൈസ്ക്കൂൾ അദ്ധ്യാപകൻ):- അനിയന്ത്രിതമായ മൊബൈൽ ഉപയോഗം കുട്ടികളിൽ സ്വാർത്ഥതയും അക്രമവാസനയും ഉള്ളവരാക്കി മാറ്റിയിട്ടുണ്ട്. കുട്ടികൾ സ്ക്കൂളിൽ മുമ്പത്തേക്കാൾ പരസ്പരം കലഹിക്കുകയും ബലപരീക്ഷണത്തിന് മുതിരുകയും ചെയ്യുന്നു. അദ്ധ്യാപകരും രക്ഷിതാക്കളും കൂടുതൽ ശ്രദ്ധിച്ചേ മതിയാവൂ.