ബജറ്റിൽ ഇടംനേടി ആവള പാണ്ടി ചേനായിക്കടവ് പാലം, ചെമ്പ്ര റോഡ്
ഇടം നേടിയത് 18 പ്രധാന പദ്ധതികൾ
പേരാമ്പ്ര : സംസ്ഥാന ബഡ്ജറ്റിൽ ഇടം നേടിയ പേരാമ്പ്രയിൽ ഇനി വികസനത്തിന്റെ നാളുകൾ. വിദ്യാഭ്യാസം, കൃഷി, പശ്ചാത്തല വികസനം, ടൂറിസം തുടങ്ങിയ മേഖലകളിൽ കുതിച്ചു ചാട്ടമുണ്ടാക്കാൻ പേരാമ്പ്ര മണ്ഡലത്തിൽ
18 പദ്ധതികളാണ് ബഡ്ജറ്റിൽ ഇടം നേടിയത്. 3000 ഏക്കറോളം ഏക്കർ വരുന്ന ചെറുണ്ണൂർ ഗ്രാമപഞ്ചായത്തിലെ ആവളപാണ്ടിയിലെ പായൽ പ്രശ്നവും രൂക്ഷമായ ഗതാഗത പ്രശ്നവും നേരിടുന്നതിന് പരിഹാരമായി പേരാമ്പ്ര വേളം പഞ്ചായത്തുകളിലെ ചേനായിക്കടവിൽ പാലം വരുന്നതും ചെമ്പ്ര റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതുമുൾപ്പെടെയുള്ള പദ്ധതികളും ബഡ്ജറ്റിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കേരള കൗമുദി പുറത്തു കൊണ്ടു വന്നിരുന്നു. ഈ പദ്ധതികൾ സംസ്ഥാന ബജറ്റിൽ ഇടംനേടിയതിൽ വളരെ സന്തുഷ്ടരാണ് നാട്ടുകാർ .
പേരാമ്പ്ര -ചെമ്പ്ര കൂരാച്ചുണ്ട് റോഡിന്റെ രണ്ടാം ഘട്ട പ്രവൃത്തിക്ക് 10 കോടി രൂപയാണ് വകയിരുത്തിയത്. മണ്ഡലത്തിൽ പൂർണമായി തുക വകയിരുത്തിയ പ്രവൃത്തിയാണിത്. മറ്റ് 17 പ്രവൃത്തികൾക്കായി ടോക്കൺ തുക അനുവദിച്ചു. പേരാമ്പ്ര പോളിടെക്നിക്ക്, കൈതേരിമുക്ക് ടൂറിസം പ്രൊജക്ട്, ചക്കിട്ടപാറ കായിക കോംപ്ലക്സും നീന്തൽകുളവും, വിയ്യഞ്ചിറ റഗുലേറ്റർ കം ബ്രിഡ്ജ്, ചേനായിക്കടവ് പാലം, കൊഴുക്കല്ലൂർ, മേപ്പയ്യൂർ, പാലേരി, ചങ്ങരോത്ത് വില്ലേജ് ഓഫീസുകൾക്ക് കെട്ടിടം, പേരാമ്പ്ര ടൗണിൽ ഓപ്പൺ എയർ ഓഡിറ്റോറിയം, കൽപ്പത്തൂർ വെള്ളിയൂർ കാപ്പുമ്മൽ റോഡ്, വെളിയന്നൂർ ചെല്ലി സമഗ്ര കാർഷിക വികസന പദ്ധതി, മേപ്പയ്യൂർ ചെറുവണ്ണൂർ ആവള റോഡ്, പേരാമ്പ്ര മൾട്ടിലെയർ കാർ പാർക്കിംഗ്, പേരാമ്പ്ര മുൻസീഫ് മജിസ്‌ട്രേറ്റ് കെട്ടിടം, ചങ്ങരോത്ത് വ്യവസായ പാർക്ക്, കരുവോട് കണ്ടം ചിറ കൃഷിയോഗ്യമാക്കൽ എന്നിവക്കാണ് ടോക്കൺ തുക വകയിരുത്തിയത്. ചെമ്പ്ര റോഡിന് പേരാമ്പ്ര മുതൽ പാണ്ടിക്കോട് വരെ നവീകരണത്തിന് നേരത്തെ തുക വകയിരുത്തി പ്രവൃത്തി തുടങ്ങിയിരുന്നു. എന്നാൽ കരാറുകാരുടെ അനാസ്ഥ കാരണം പ്രവൃത്തി വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയാക്കാൻ സാധിച്ചിരുന്നല്ല,. തുടർന്ന് കരാറുകാരനെ മാറ്റി ടെണ്ടർ വിളിച്ചിരിക്കുകയാണ്.