കോഴിക്കോട്: കോർപ്പറേഷൻ ഭരണസമിതിക്കെതിരെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നടത്തിയ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മേയർ ഡോ.ബീന ഫിലിപ്പ്. പദവിയ്ക്ക് നിരക്കാത്ത പ്രതികരണമാണ് യു.ഡി.എഫ് കൗൺസിലർമാർ നടത്തിയ സമരത്തിൽ പങ്കെടുത്ത് അദ്ദേഹം നടത്തിയതെന്നും മേയർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

പ്രഖ്യാപിച്ച പദ്ധതികളൊന്നും കോർപ്പറേഷൻ റദ്ദാക്കിയിട്ടില്ല. 1272 പദ്ധതികളാണ് വിവിധ വിഭാഗങ്ങളിലായി നടപ്പ് സാമ്പത്തിക വർഷം രൂപം നൽകിയിരുന്നത്. പലതും നടപ്പാക്കുകയും പലതിലും നടപടി ക്രമങ്ങൾ പുരോഗമിക്കുകയുമാണ്. ‌വിപുലമായ സൗകര്യങ്ങളോടെ മൂന്ന് പാർക്കിംഗ് പ്ലാസകളാണ് നഗരത്തിൽ ആരംഭിക്കുന്നത്. ലിങ്ക് റോഡിലെ പ്ലാസയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. നഗരത്തിൽ എൽ.ഇ.ഡി സ്ട്രീറ്റ് ലൈറ്റ് സംവിധാനം നടപ്പാക്കി.

ഞെളിയൻപറമ്പിലെ വേസ്റ്റ് ടു എനർജി പദ്ധതി അടുത്തമാസം ആരംഭിക്കും. പ്രഖ്യാപിച്ച മൂന്ന് മലിനജല സംസ്കരണ പ്ലാന്റുകളിൽ മെഡിക്കൽ കോളേജിലേത് പൂർത്തീകരണ ഘട്ടത്തിലാണ്. കോതിയിലും ആവിക്കലിലും പ്രശ്നങ്ങൾ പരിഹരിച്ച് നടപ്പാക്കും. ലൈഫ് പദ്ധതി മികച്ച രീതിയിലാണ് കോർപ്പറേഷനിൽ നടപ്പാക്കുന്നത്. 3556 പേർക്ക് ധനസഹായം നൽകി. 1600 വീടുകളുടെ നിർമ്മാണം പൂർത്തിയായി. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ 7.9 കോടിയുടെ നവീകരണ പ്രവൃത്തിയ്ക്ക് സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്. ഷീ ലോഡ്ജ് ഉടൻ തുറക്കും. കോവൂർ കമ്മ്യൂണിറ്റി ഹാൾ പൂർത്തീകരണ ഘട്ടത്തിലാണ്. മാങ്കാവിലെ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ 19ന് ഉദ്ഘാടനം ചെയ്യും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകാനായി. കുടുംബശ്രീയുമായി സഹകരിച്ച് തൊഴിൽദാന പദ്ധതിയ്ക്ക് രൂപം നൽകി. വാർഡുകളിൽ ജനസൗഹൃദ കേന്ദ്രങ്ങൾ നടപ്പാക്കുന്നുണ്ട്. പട്ടികജാതി വിഭാഗങ്ങൾക്കായി ഫ്ലാറ്റ് സമുച്ചയം നിർമ്മാണം നടക്കുകയാണ്. റോഡുകളിൽ ഡിജിറ്റൽ പാർക്കിംഗ് ഏർപ്പെടുത്തി. വയോജന നയത്തിന് രൂപം നൽകി. അമൃത് രണ്ടാംഘട്ട പ്രകാരം എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതി നടപ്പാക്കും. കൊവിഡ് പ്രതിസന്ധിക്കിടയിലും മികച്ച പ്രവർത്തനമാണ് കോർപ്പറേഷൻ നടത്തിയതെന്നും മേയർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി. ദിവാകരൻ എന്നിവർ പങ്കെടുത്തു.