പുൽപ്പള്ളി: ഡി.വൈ.എഫ്.ഐ പ്രവർത്തകരെ മാരകായുധങ്ങളുമായി ആക്രമിക്കാനെത്തിയ ക്വട്ടേഷൻ സംഘത്തെ കേസ്സ് ചുമത്താതെ വിട്ടയച്ച പുൽപ്പള്ളി പൊലീസ് നടപടിയിൽ ഡി.വൈ.എഫ്.ഐ പുൽപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകനും സി.പി.എം ഇരുളം ലോക്കൽ സെക്രട്ടിയുമായ പി.എം.ഷാജഹാനെ ആക്രമിക്കാൻ വടിവാൾ, വെട്ടുകത്തി ഇരുമ്പുദണ്ഡ് തുടങ്ങിയവയുമായി, നമ്പർപ്ലേറ്റ് മാറ്റിയ വാഹനത്തിൽ എത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചിരുന്നു. എന്നാൽ കേസെടുക്കാതെ പൊലീസ് ഇവരെ വിട്ടയക്കുകയാണ് ചെയ്തത്. നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ മൂങ്ങ സുര എന്നറിയപ്പെടുന്നയാളും കൂട്ടാളികളുമായുള്ള പുൽപ്പള്ളി പൊലീസിന്റെ ചങ്ങാത്തമാണ് വ്യക്തമാകുന്നതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക്
പരാതി നൽകി. ഈ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്ന് നേതാക്കളായ ഷിജിഷിബു, മുഹമ്മദ്ഷാഫി, സി.എം.രജനീഷ്, ജിഷ്ണു ഷാജി, നിധിൻ എന്നിവർ അറിയിച്ചു.