കുറ്റ്യാടി: ഒരു പ്രദേശത്തിന്റെ ഇസ്ലാമിക നവോത്ഥാനത്തിന് കരുത്തുറ്റ നേതൃത്വം നൽകിയ നേതാവ്. ആത്മാർത്ഥത തുളുമ്പുന്ന വാക്കുകളാൽ ശ്രോതാക്കളെ പിടിച്ചിരുത്തുന്ന പ്രഭാഷകൻ. മുൻഷിക്ക് വിശേഷണങ്ങൾ ഏറെയാണ്. കായക്കൊടിക്കാർക്ക് മുൻഷി എന്ന് പറഞ്ഞാൽ വി.വി അബൂബക്കർ മൗലവിയാണ്. അദ്ദേഹം പഠിപ്പിച്ചത് കേവലം സിലബസിനകത്തെ പാഠങ്ങളായിരുന്നില്ല. ഓരോ വാക്കുകളുടെയും ഉച്ഛാരണം എങ്ങനെയായിക്കണമെന്നറിയാൻ മുൻഷിയുടെ വാക്കുകൾ ശ്രവിച്ചാൽ മതി. സ്നേഹത്തിന്റെ മറുപേരായിരുന്നു മുൻഷി. വലുപ്പച്ചെറുപ്പമില്ലാതെ അദ്ദേഹം ആളുകളുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. പണ്ഡിത സദസ്സുകളിൽ തലയെടുപ്പുള്ള പണ്ഡിതനായി. സാധാരണക്കാരോട് വിശേഷങ്ങൾ തിരക്കി തമാശ പങ്കിട്ട് അവരിൽ ഒരാളായി. കുട്ടികളോടൊപ്പം കളിച്ചും ചിരിച്ചും പ്രായാതിർത്തികൾ മായ്ച്ചു കളഞ്ഞു. മരണ വീടുകളിൽ ആരെക്കാളും മുന്നേ മുൻഷിയും ഭാര്യയും എത്തും. കായക്കൊടിയുടെ നഷ്ടങ്ങളിൽ അബൂബക്കർ മുൻഷിയുടെ പേര് കൂടി എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു. ആ മഹാഗുരുവിന്റെ സാമീപ്യവും ശിഷ്യത്വവും ലഭിക്കുക വഴി ഒരു നാട് അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണ്.