മാനന്തവാടി: നഗരസഭ മുപ്പതാം ഡിവിഷനിലെ ഏറ്റവും പ്രധാനപ്പെട്ട ചെറുപുഴ-മക്കിക്കൊല്ലി റോഡ് തകർന്ന് തരിപ്പണമായിട്ടും നഗരസഭ പുനർനിർമ്മാണ പ്രവർത്തികൾ നടത്തുന്നില്ല. ചെറുപുഴ കയറ്റം മുതൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് അതിർത്തിയായ മക്കിക്കൊല്ലി വരെയുള്ള രണ്ട് കീ.മീ. റോഡാണ് പൂർണ്ണമായും തകർന്നത്. മാനന്തവാടി തവിഞ്ഞാൽ പേരിയ റോഡ് നിർമ്മാണ പ്രവർത്തി നടക്കുന്നതിനാൽ ഭാരവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ പോകുന്നത്. അതുകൊണ്ടു തന്നെ റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂടി. പല ഭാഗങ്ങളിലും റോഡിന്റെ നടുവിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. റോഡ് അറ്റകുറ്റപണി നടത്തുന്നതിൽ വാർഡ് കൗൺസിലർ താൽപര്യം കാണിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.