v

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ കടുത്ത റാഗിംഗിന് ഇരയായ പി.ജി വിദ്യാർത്ഥി പഠനം നിറുത്തിപ്പോയ സംഭവത്തിൽ രണ്ടു സീനിയർ വിദ്യാർത്ഥികൾക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് ഇന്നലെ കേസെടുത്തു. ഓർത്തോപീഡിക്‌സ് വിഭാഗം പി.ജി ഒന്നാംവർഷ വിദ്യാർത്ഥി കൊല്ലം കൊട്ടിയം സ്വദേശി ഡോ. ജിതിൻ ജോയിയുടെ പരാതിയിൽ ഇൻഡിപെൻഡൻസ് സംഘടനാ നേതാവ് ഡോ. മുഹമ്മദ് സാജിദ്, ഡോ. ഹരിഹരൻ എന്നിവർക്കെതിരെയാണ് റാഗിംഗ് നിരോധന നിയമപ്രകാരം കേസ്. ഇരുവരെയും കോളേജിൽ നിന്ന് ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിട്ടുമുണ്ട്.

സീനിയർ വിദ്യാർത്ഥികൾ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നു കാണിച്ച് ഡോ. ജിതിൻ ജോയി കഴിഞ്ഞ 17ന് പ്രിൻസിപ്പലിനും ആന്റിറാഗിംഗ് കമ്മിറ്റിക്കും പരാതി നൽകിയതിനു പിറകെ പഠനം അവസാനിപ്പിക്കുകയായിരുന്നു. 21ന് ചേർന്ന റാഗിംഗ് വിരുദ്ധ സമിതി ഡോ. ബീന ഗുഹന്റെ നേതൃത്വത്തിൽ അന്വേഷണ കമ്മിഷനെ നിയോഗിച്ചു. ഡോ. മുഹമ്മദ് സാജിദ് ഡോ.ഹരിഹരന്റെ സഹായത്തോടെ ഡോ.ജിതിൻ ജോയിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് കമ്മിഷൻ കണ്ടെത്തി. മാർച്ച് അഞ്ചിന് കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എട്ടിനാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്. പ്രിൻസിപ്പൽ പിന്നീട് പരാതി കൈമാറിയതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

രാത്രി തീരെ ഉറങ്ങാൻ വിടാതെ വാർഡുകളിൽ അധികസമയം ജോലി ചെയ്യിച്ചെന്ന് ഡോ. ജിതിൻ ജോയിയുടെ പരാതിയിലുണ്ട്. സീനിയർ വിദ്യാർത്ഥികൾ വൈകി വന്ന് ജോലിഭാരം കൂട്ടുന്നതും പതിവായിരുന്നു. പല രീതിയിലും പീഡനം തുടർന്നു. വകുപ്പ് മേധാവിയും ഇതിന് കൂട്ടുനിൽക്കുന്നതരത്തിൽ പെരുമാറിയതോടെയാണ് മാതാപിതാക്കളുടെ കൂടി സമ്മതത്തോടെ പഠനം അവസാനിപ്പിച്ചതെന്ന് ജിതിൻ പറയുന്നു. ഇനി മറ്റൊരു വിദ്യാർത്ഥിക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടാകരുതെന്ന് കരുതിയാണ് പരാതി നൽകിയത്.

കോഴിക്കോട് മെഡിക്കൽ കോളേജിലെ പഠനം അവസാനിപ്പിച്ച ജിതിൻ 'നീറ്റ്" അലോട്ട്മെന്റിൽ തിരുവന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശനം നേടുകയായിരുന്നു.