കോഴിക്കോട് : നഗരങ്ങളിലെത്തിയാൽ സ്ത്രീകൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് രാത്രിയിൽ സുരക്ഷിതമായി കഴിയാൻ ഒരിടമില്ലാത്തത്. എന്നാൽ പഠിക്കാനും ജോലി തേടിയാണെങ്കിലും യാത്രയ്ക്കിടെ വിശ്രമിക്കണമെന്ന് തോന്നിയാലും കോഴിക്കോട്ടെത്തിയാൽ ഇനി ആ ടെൻഷൻ വേണ്ട. സ്ത്രീകൾക്ക് താമസ സൗകര്യമൊരുക്കുന്ന കോർപ്പറേഷന്റെ സ്വപ്ന പദ്ധതികൾ യാഥാർത്ഥ്യമാവുകയാണ്. മാങ്കാവിലെ വർക്കിംഗ് വിമൻസ് ഹോസ്റ്റലും റെയിൽവേ സ്റ്രേഷന് സമീപത്തെ ഷീ ലോഡ്ജും അടുത്തമാസം പ്രവർത്തനമാരംഭിക്കും. ആദ്യത്തെ വനിത മേയർ ഹൈമവതി തായാട്ടിന്റെ പേരിൽ മാങ്കാവിൽ പണിത വനിതാ ഹോസ്റ്റൽ 19ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
@ ഹൈമവതി തായാട്ട് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ
1998ൽ കോർപ്പറേഷൻ അഭിമാന പദ്ധതിയായി ആരംഭിക്കുകയും ഒന്നരപതിറ്റാണ്ടോളം നിർമാണം മുടങ്ങുകയും ചെയ്ത മാങ്കാവിലെ ഹൈമവതി തായാട്ട് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് പ്രവർത്തന സജ്ജമാകുന്നത്. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളെയാണ് നടത്തിപ്പിനായി പരിഗണിക്കുന്നത്. 75 ലധികം പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. ഇരുനിലകളിലും ഡബിൾ, സിംഗിൾ റൂമുകൾ, ഡോർമെറ്ററി, വലിയ കിടപ്പുമുറികൾ, ഗസ്റ്റ് റൂം, റീഡിംഗ് റൂം, അടുക്കള, ഡൈനിംഗ് റൂം എന്നിവയും ഒരുക്കിട്ടുണ്ട്. ടി.വി. ലളിതപ്രഭ പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷയായതോടെയാണ് ഹോസ്റ്റൽ നിർമാണം പുനരാരംഭിക്കുന്നത്.
ആദ്യം നിയമക്കുരുക്കും പിന്നീട് നിർമാണത്തിൽ അപാകതയും ഉണ്ടായതോടെയാണ് പ്രവൃത്തി നിലച്ചത്. വെസ്റ്റ്ഹിൽ ഗവ. എൻജിനിയറിംഗ് കോളേജിന്റെ നിർദ്ദേശപ്രകാരം മാറ്റങ്ങൾ വരുത്തിയാണ് പുനർനിർമിച്ചത്. നാല് കോടിയാണ് നിർമാണ ചെലവ്.
@ ഷീ ലോഡ്ജ്
ഉദ്ഘാടനം കഴിഞ്ഞ് ഒന്നരവർഷായിട്ടും ഷീ ലോഡ്ജ് തുറന്ന് പ്രവർത്തിക്കുന്നില്ലെന്ന പരാതിയ്ക്ക് പരിഹാരമാവുകയാണ്. അടുത്തമാസം പ്രവർത്തനം ആരംഭിക്കും. നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത താമസസൗകര്യം ഒരുക്കുകയെന്ന കോർപ്പറേഷന്റെ അഭിമാന പദ്ധതിയാണിത്. റെസ്റ്റോറന്റും ഹോട്ടലും ഇതോടൊപ്പമുണ്ട്. കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല. ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കും. മൂന്ന് നിലകളിലായി 125 പേർക്ക് താമസിക്കാവുന്ന രീതിയിലാണ് കെട്ടിടത്തിന്റെ രൂപകൽപ്പന. 4.7 കോടി രൂപ ചെലവിട്ടാണ് നിർമാണം. 21മുറികളും ആറ് ഡോർമെറ്ററികളുമാണുള്ളത്. അടുക്കള, ഡൈനിംഗ് ഹാൾ, ടോയ്‌ലെറ്റ് ബ്ലോക്ക് സർവീസ് മുറി, ലൈബ്രറി മെഡിറ്റേഷൻ റൂം, പാർക്കിംഗ്, ലിഫ്റ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. അഞ്ച് ദിവസം വരെയാണ് താമസം അനുവദിക്കുക. ഡോർമെറ്ററിയ്ക്ക് ഒരുദിവസത്തേക്ക് നൂറ് രൂപയും സിംഗിൾ റൂമിന് 200 രൂപയം ഡബിൾ റൂമിനും 350 രൂപയുമാണ് നിരക്ക്. എ.സി സിംഗിൾ റൂമിന് 250 രൂപയും ഡബിളിന് 1200 രൂപയും, ഡിലക്സ് റൂമുകൾക്ക് 1750, 2250 രൂപയുമാണ് നിലവിൽ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
" രണ്ടും കോർപ്പറേഷന്റെ അഭിമാന പദ്ധതികളാണ്. സ്ത്രീകൾക്ക് സൗകര്യപ്രദമാകുന്ന രീതിയിലാണ് ഷീ ലോഡ്ജും വനിതാ ഹോസ്റ്റലും പ്രവർത്തിക്കുക. നടത്തിപ്പിനായി കുടുംബശ്രീയെയും ഓക്സിലറി ഗ്രൂപ്പുകളെയുമാണ് പരിഗണിക്കുന്നത് ". മേയർ ഡോ. ബീന ഫിലിപ്പ്
" ഷീ ലോഡ്ജിന്റെ നടത്തിപ്പ് കുടുംബശ്രീ ഗ്രൂപ്പുകൾക്ക് നൽകും. ഫർണിച്ചറുകളും മറ്റ് സൗകര്യങ്ങളും ഒരുക്കി ഈ മാസം തന്നെ പ്രവർത്തനം ആരംഭിക്കും." പി. ദിവാകരൻ ( ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ )