inl

□നാളത്തെ എൽ.ഡി.എഫ് യോഗം നിർണായകം

കോഴിക്കോട്: പിളർപ്പോടെ പോര് കൂടുതൽ മുറുകിയിരിക്കെ, ഐ.എൻ.എല്ലിന് നാളത്തെ എൽ.ഡി.എഫ് യോഗം നിർണായകമാവും. മന്ത്രി എന്ന നിലയിൽ അഡ്ഹോക് കമ്മിറ്റി ചെയർമാൻ അഹമ്മദ് ദേവർകോവിലിന് മാത്രമാണ് ക്ഷണം. കഴിഞ്ഞ മുന്നണി യോഗത്തിൽ പങ്കെടുത്ത പാർട്ടി പ്രസിഡന്റ് പ്രൊഫ.എ.പി.അബ്ദുൾ വഹാബിനും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനും ക്ഷണമില്ല.

ഒന്നിച്ചു നിൽക്കാതെ ഇരു വിഭാഗവും ബലപരീക്ഷണവുമായി മുന്നോട്ടു നീങ്ങിയാൽ മന്ത്രിസ്ഥാനം തിരിച്ചെടുക്കാനാണ് സി.പി.എം ആലോചന.ഭിന്നിച്ചു നിൽക്കുന്ന ഇരു കൂട്ടരെയും വേണ്ടെന്ന നിലപാടിലാണ് സി.പി.ഐയും. മുന്നണിയിലേക്ക് ഔദ്യോഗിക പ്രവേശനം നടന്നതിനു പിറകെ, ഒരു എം.എൽ.എ മാത്രമുള്ള ഐ.എൻ.എല്ലിന് മന്ത്രിസ്ഥാനം നൽകുന്നതിനോട് തുടക്കത്തിൽ തന്നെ സി.പി.ഐ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. വിളിച്ചുവരുത്തിയ ദുരന്തമായാണ് പാർട്ടി നേതൃത്വം പുതിയ സാഹചര്യത്തെ കാണുന്നത്.
മന്ത്രി അഹമ്മദ് ദേവർകോവിലും കാസിം ഇരിക്കൂറും നേതൃത്വം നൽകുന്ന വിഭാഗം ഒരു വശത്തും പ്രൊഫ. അബ്ദുൽ വഹാബിന്റെ നേതൃത്വത്തിലുള്ള വിഭാഗം മറുവശത്തുമായാണ് യുദ്ധം. ദേശീയ നേതൃത്വത്തിന്റെ അംഗീകാരം തങ്ങൾക്കാണെന്ന അവകാശവാദമാണ് പുതിയ അഡ്‌ഹോക് കമ്മിറ്റിയുടേത്. പാർട്ടി പുനസംഘടനയ്ക്കായി ദേശീയ നേതൃത്വം പ്രഖ്യാപിച്ച ഈ കമ്മറ്റിയിൽ മുൻ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.അബ്ദുൾ വഹാബിനെയും ഉൾപ്പെടുത്തിയിരുന്നെങ്കിലും അച്ചടക്കലംഘനത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം അദ്ദേഹത്തെ പുറത്താക്കി. ദേശീയ നേതൃത്വത്തെ തള്ളി തങ്ങളാണ് യഥാർത്ഥ ഐ.എൻ.എൽ എന്നു അവകാശപ്പെടുകയാണ് വഹാബ് വിഭാഗം. ഇരു കൂട്ടരും മാസാവസാനത്തോടെ പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിക്കാനൊരുങ്ങുന്നതിനിടെയാണ് നാളത്തെ എൽ.ഡി.എഫ് യോഗം .