1
മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശപ്രകാരം ചിൽഡ്രൻസ് ഹോമിലെ ജീവനക്കാർ ഊഞ്ഞാൽ കെട്ടി പരിസരം വൃത്തിയാക്കുന്നു

കോഴിക്കോട്: 'ഞങ്ങൾക്കൊരു ഊഞ്ഞാൽ കെട്ടിത്തരുമോ'യെന്ന ചിൽഡ്രൻസ് ഹോമിലെ കുട്ടികളുടെ ആവശ്യം യാഥാർത്ഥ്യമായി. ആരോഗ്യമന്ത്രിക്ക് നന്ദി അറിയിച്ച് കുട്ടികൾ. കഴിഞ്ഞദിവസം ജില്ലയിലെ തിരക്കിട്ട പരിപാടികൾക്കിടെയാണ് ആരോഗ്യമന്ത്രി വീണാ ജോർജ് വെള്ളിമാടുകുന്നിലെ ആൺകുട്ടികളുടെ ചിൽഡ്രൻസ് ഹോമിലെത്തിയത്. കുട്ടികളും ജീവനക്കാരും ഈ സമയം പുറത്ത് നിൽക്കുകയായിരുന്നു. മന്ത്രിയുടെ അപ്രതീക്ഷിത വരവ് കണ്ട് ബാക്കിയുള്ള കുട്ടികളും ഓടിയെത്തി. ഹോമിലെ ജീവനക്കാരോടും കുട്ടിളോടും മന്ത്രി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

ഹോമിന്റെ പരിസരവും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തി അടുക്കളയിൽ കയറി കുട്ടികൾക്കുള്ള ഭക്ഷണം പരിശോധിച്ച് പുറത്തിറങ്ങുമ്പോഴാണ് ചില കുട്ടികൾ 'ഞങ്ങൾക്കൊരു ഊഞ്ഞാൽ കെട്ടിത്തരുമോ' എന്ന ആവശ്യവുമായി മന്ത്രിയുടെ മുന്നിലെത്തിയത്. മുമ്പൊരു ഊഞ്ഞാൽ ഉണ്ടായിരുന്നുവെന്നും പണി നടക്കുന്നതിനാൽ അതെല്ലാം പോയെന്നും കുട്ടികൾ പറഞ്ഞതോടെ ഹോമിലെ ജീവനക്കാരോട് എത്രയും വേഗം ഊഞ്ഞാലിട്ട് കൊടുക്കാൻ മന്ത്രി നിർദ്ദേശിക്കുകയായിരുന്നു. ഊഞ്ഞാലിട്ട ശേഷം അറിയിക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ഇന്നലെയാണ് ചിൽഡ്രൻസ് ഹോമിന്റെ മുറ്റത്ത് ജീവനക്കാർ ഊഞ്ഞാലൊരുക്കിയത്. ഹോമിലെ മുതിർന്ന കുട്ടികൾ ആവശ്യപ്പെട്ടതുപ്രകാരം ജിം തുടങ്ങുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി.