
കോഴിക്കോട്: കോഴിക്കോട് ജില്ലാ ലീഗൽ സർവിസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റികളുടെയും സംയുക്താഭിമുഖ്യത്തിൽ വിവിധ കോടതികളിലായി ഒരുക്കിയ നാഷണൽ ലോക് അദാലത്തിൽ 5,553 കേസുകൾക്ക് തീർപ്പായി.
നിരവധി കേസുകളിലായി മൊത്തം 16. 54 കോടി രൂപ നൽകാനുള്ള ഉത്തരവുകളും ഇതിലുൾപ്പെടും.
നിലവിലുള്ള കേസുകളും പുതിയ പരാതികളുമായി ആകെ 7841 കേസുകളാണ് പരിഗണനയ്ക്ക് വന്നത്. ബന്ധപ്പെട്ട അഭിഭാഷകരും കക്ഷികളും ഉദ്യോഗസ്ഥരും ഹാജരായ 5,553 കേസുകളിൽ തീർപ്പു കല്പിക്കുകയായിരുന്നു.
കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തിലും കൊയിലാണ്ടി, വടകര, കുന്ദമംഗലം, താമരശ്ശേരി കോടതികളിലുമായി സംഘടിപ്പിച്ച അദാലത്തുകളിൽ സിവിൽ കേസുകൾ, വാഹനാപകട കേസുകൾ, ഭൂമി ഏറ്റെടുക്കൽ കേസുകൾ, കുടുംബ തർക്കങ്ങൾ, ഒത്തുതീർക്കാവുന്ന ക്രിമിനൽ കേസ്സുകൾ, ബാങ്ക് വായ്പാ സംബന്ധമായ കേസുകൾ തുടങ്ങിയവ പരിഗണനയ്ക്കെത്തിയിരുന്നു. കോഴിക്കോട് ജില്ലാ ലീഗൽ സർവിസസ് അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ ജഡ്‌ജ് പി.രാഗിണിയുടെ മേൽനോട്ടത്തിൽ കോഴിക്കോട് താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി ചെയർമാനും അഡിഷണൽ ജില്ലാ ജഡ്‌ജുമായ കെ.ഇ.സാലിഹ്, വടകര താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി ചെയർമാനും അഡിഷണൽ ജില്ലാ ജഡ്‌ജുമായ കെ.രാമകൃഷ്ണൻ, കൊയിലാണ്ടി താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി ചെയർമാനും ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്‌ജുമായ ടി.പി.അനിൽ, കോഴിക്കോട് ജില്ലാ ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറിയായ സബ് ജഡ്‌ജ് എം.പി. ഷൈജൽ എന്നിവർ അദാലത്ത് പ്രവർത്തനങ്ങൾ എകോപിപ്പിച്ചു.