മാവൂർ: ഊർക്കടവിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ കുത്തേറ്റ് സാരമായി പരിക്കേറ്റ നിലയിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം.ഇ.എസ് കോളേജ് വിദ്യാർത്ഥി ഷിബിനാസിനാണ് കുത്തേറ്റത്. ഷാനിർ എന്ന വിദ്യാർത്ഥി കുത്തിയതായാണ് പരാതി. എം.ഇ.എസ് കോളേജിലെ ചില വിദ്യാർത്ഥികളും തൊട്ടുടുത്ത കോളേജിലെ കുട്ടികളും തമ്മിൽ നേരത്തെ മാസങ്ങൾക്കു മുമ്പ് സംഘർഷമുണ്ടായിരുന്നു. പ്രശ്നം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ഷിബിനാസിനെ വിളിച്ചുവരുത്തിയതാണ്. സംസാരത്തിനിടെയുണ്ടായ വാക്കേറ്റത്തെ തുടർന്നായിരുന്നു കത്തിക്കുത്ത്.