വടകര: ഉൾനാടൻ ജലഗതാഗത പാതയുടെ ഭാഗമായ വടകര -മാഹി കനാലിന്റെ ഭാഗങ്ങൾക്ക് വീതിയും ആഴവും കൂട്ടിത്തുടങ്ങിയതോടെ കൃഷിയിടങ്ങളിൽ എത്താൻ കഴിയാതെ കുഴങ്ങുകയാണ് ഒരു പറ്റം ആളുകൾ.

വാഴ,​ കപ്പ തുടങ്ങിയ കൃഷികൾ ധാരാളമുള്ള കരിങ്ങാലി മുക്ക് - പരക്കാട്ട് താഴ തയ്യിൽ പാലം വരെയുള്ള കയ്പാട്ട് നിലം ഭാഗത്തേക്ക് ചെന്നെത്താൻ പറ്റാത്ത വിധത്തിലാണ് കനാലിന് വീതി കൂട്ടിയിരിക്കുന്നത്.

ഇതോടെ വേർപെട്ട് കിടക്കുന്ന ഭൂമിയിലെ കായ്ഫലങ്ങൾ സ്വരൂപിക്കാൻ കഴിയാത്ത അവസ്ഥയാണ്. മുൻപ് കനാലിന് കുറുകെ മരപ്പാലം ഒരുക്കിയായിരുന്നു യാത്ര. എന്നാൽ കനാൽ വീതിയും ആഴവും കൂട്ടിയതോടെ ഇത്തരം വഴികൾ സാധ്യമാവാതായി.

ഇതോടെ ഏക്കർ കണക്കിന് ഭൂമിയിൽ കൃഷി ഇറക്കാനോ, വിളവെടുക്കാനോ സാധിക്കാത്ത അവസ്ഥയിലാണ് കർഷകർ.

തെങ്ങ്, വാഴ, കപ്പ എന്നിവ വ്യാപകമായി കൃഷി ചെയ്തിരുന്ന ഇവിടെ ജലപാത വികസന പ്രവർത്തനം തുടങ്ങിയതോടെ ഇവയൊക്കെയും നിലച്ച മട്ടാണ്. ഇതോടെ സമയ ബന്ധിതമായി വിളകൾക്ക് വളം ചെയ്യാനും പ്രയാസമനുഭവിക്കുകയാണ് കർഷകർ. നിലവിൽ കർഷകർക്ക് തോട്ടങ്ങളിൽ എത്തിപ്പെടാൻ തോണിയാണ് ആശ്രയം. എന്നാൽ കർഷകർക്ക് സമയത്തിന് തോണിക്കാരെ കിട്ടാത്തതും തോണി കരയ്ക്ക് അടുപ്പിക്കാൻ സൗകര്യമില്ലാത്തതും തിരിച്ചടിയാകുകയാണ്.

കനാൽ കരാറുകാർ ഉടമകളുടെ സ്ഥലത്തോട് ചേർന്ന് തോണി അടുപ്പിക്കാൻ കടവിനായി ശ്രമിച്ചിരുന്നു. എന്നാൽ

തോണികടവും യാഥാർത്ഥ്യമായില്ല. അതു കൊണ്ടു തന്നെ സ്വന്തം ഭൂമിയിലെ വിളവെടുക്കാൻ കർഷകർക്ക് തോണിയിൽ ഏറെ ചുറ്റേണ്ടിയും വരുകയാണ്

വർഷങ്ങളായി വടകര മഹി കനാലിന്റെ പ്രവർത്തി നടക്കുന്നു. തോണി വരാത്ത സാഹചര്യത്തിൽ കമ്പിപ്പാലം നിർമ്മിച്ച് സൗകര്യം ഒരുക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നടന്നില്ലെ. കരുണൻ കർഷകൻ