കുറ്റ്യാടി: കുണ്ടും കുഴിയുമായി ഗതാഗതയോഗ്യമല്ലാതായ കുറ്റ്യാടി -വലകെട്ട് - കൈപ്രം കടവ് റോഡിന് ശാപമോക്ഷമാകുന്നു. സംസ്ഥാന ബഡ്‌ജറ്റിൽ റോഡിന്റെ വികസനത്തിനായി 12 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
വേളം, കുര്യടി പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന ഈ റോഡ് വഴി കുറ്റ്യാടി, പേരാമ്പ്ര, തിരുവള്ളൂർ, വടകര എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കും. റോഡ് വർഷങ്ങൾക്ക് മുമ്പ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തെങ്കിലും വേണ്ടവിധത്തിലുള്ള പുനരുദ്ധാരണ പ്രവൃത്തികളൊന്നും നടത്താത്തതു കൊണ്ട് തന്നെ ഗതാഗതയോഗ്യമല്ലാതായി.
വേളം പഞ്ചായത്തിലെ പെരുവയൽ, ചോയി മഠം, കൂളിക്കുന്ന്, കുറിച്ചകം, വലകെട്ട്, ചെറുകുന്ന്, ശാന്തിനഗർ, പഴശ്ശി നഗർ, കുറ്റ്യാടി പഞ്ചായത്തിലെ ഊരത്ത് തുടങ്ങിയ പ്രദേശങ്ങളിലെ ആയിരകണക്കിന് ആളുകളുടെ ആശ്രയമാണ് കുറ്റ്യാടി -വലകെട്ട്, കൈപ്രം കടവ് റോഡ്. റോഡിന്റെ ശോചനീയാവസ്ഥ മൂലം ജനങ്ങൾ നിരന്തരം പരാതി ഉയർത്തിയിരുന്നു.
ടെൻഡർ നടപടികൾ പൂർത്തിയായ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തി അടുത്ത സാമ്പത്തിക വർഷത്തിനുള്ളിൽ പൂർത്തീകരിക്കാൻ കഴിയും'' - കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. പറഞ്ഞു.