strike

കോഴിക്കോട്​: ഈ മാസം​ 28,29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന്​ മുന്നോടിയായി ജില്ലയിൽ പ്രചാരണ ജാഥ സംഘടിപ്പിക്കുമെന്ന് ട്രേഡ്​ യൂണിയൻ സർവീസ്​ സംഘടനാ സംയുക്ത ജില്ലാ സമിതി ഭാരവാഹികൾ അറിയിച്ചു

ബുധനാഴ്ച വൈകീട്ട്​ 5.30ന്​ വടകരയിൽ നിന്ന്​ സംയുക്ത ട്രേഡ്​ യൂണിയൻ ജില്ലാ പ്രചാരണ ജാഥ ആരംഭിക്കും. സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ.ചന്ദ്രൻ പിള്ള ഉദ്​ഘാടനം ചെയ്യും. ഐ.എൻ.ടി.യു.സി നേതാവ്​ കെ.രാജീവ്​ ജാഥ നയിക്കും. മാർച്ച്​ 17ന്​ രാവിലെ ഒമ്പതിന്​ ഓർക്കാട്ടേരിയിൽ നിന്നാരംഭിച്ച്​ വിവിധ സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ട്​ വൈകീട്ട് ആറിന്​ ബാലുശ്ശേരിയിൽ അവസാനിക്കും. 18ന്​ രാവിലെ കക്കോടിയിൽ നിന്നാരംഭിച്ച്​ വൈകീട്ട്​ 5.30ന്​ മുതലക്കുളം മൈതാനിയിൽ പൊതുയോഗത്തോടെ ജാഥ സമാപിക്കും.

തൊഴിൽ കോഡുകൾ റദ്ദാക്കുക, അവശ്യ പ്രതിരോധ സേവന നിയമം പിൻവലിക്കുക, സ്വകാര്യവത്​കരണവും നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്​ ലൈൻ പദ്ധതിയും നിറുത്തിവെക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ തുടങ്ങി നിർണായക പൊതു സേവനങ്ങൾക്കായി പൊതുനിക്ഷേപം വർധിപ്പിക്കുക, ദേശീയ തൊഴിലുറപ്പു പദ്ധതി തുക വർധിപ്പിക്കുകയും നഗരപ്രദേശങ്ങളിലേക്ക്​ വ്യാപിപ്പിക്കുകയും ചെയ്യുക, കർഷകപ്രക്ഷോഭത്തിലെ ആവശ്യങ്ങൾ അംഗീകരിക്കുക, പെട്രോളിയം ഉത്​പന്നങ്ങൾക്കുള്ള കേന്ദ്ര എക്​സൈസ്​ നികുതി വെട്ടിക്കുറച്ച്​ വിലക്കയറ്റം തടയുക, ദേശീയ പെൻഷൻ പദ്ധതി പിൻവലിച്ച്​ എല്ലാ ജീവനക്കാർക്കും പഴയ പെൻഷൻ പദ്ധതി നടപ്പാക്കുക, അസംഘടിത മേഖലാ തൊഴിലാളികൾക്ക്​ സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലാളികൾക്ക്​ നൽകുന്ന എല്ലാ പരിരക്ഷയും സ്കീം വർക്കർമാർക്കും അനുവദിക്കുക, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തുല്യ ജോലിക്ക്​ തുല്യ വേതനം നൽകുക, കൊവിഡ്​ മുൻനിര പോരാളികൾക്ക്​ ആരോഗ്യ ഇൻഷുറൻസ്​ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.​

ട്രേഡ്​ യൂണിയൻ സർവീസ്​ സംഘടനാ സംയുക്ത സമിതി ജില്ലാ കൺവീനർ ടി.ദാസൻ, കെ. ഷാജി, എൻ.കെ.സി. ബഷീർ, ഒ.കെ. സത്യൻ, ഷിനു വള്ളിൽ, ഗഫൂർ പുതിയങ്ങാടി, പി.കെ.നാസർ, കെ.കെ.കൃഷ്ണൻ, അഡ്വ. എം.പി.സൂര്യനാരായണൻ, ബഷീർ പാണ്ടികശാല എന്നിവർ വാർത്താസമ്മേളനത്തിൽ പ​ങ്കെടുത്തു.