ഒരു രാത്രി മൂന് വീടുകളിൽ മോഷണം
ഫറോക്ക്: ഫറോക്ക് ചെനപ്പറമ്പിലും പരിസര പ്രദേശങ്ങളിലും മോഷണ സംഘങ്ങളുടെ വിളയാട്ടം. കഴിഞ്ഞ ദിവസം പ്രദേശത്തെ 3 വീടുകളിലാണ് മോഷണം നടന്നത്.  ചെനപ്പറമ്പ് സി വൈ ഓയ്ക്കു സമീപം കോട്ടായി ഗണേശന്റെ വീടിന് മുറ്റത്ത് നിർത്തിയിരുന്ന സ്കൂട്ടർ മോഷണം പോയി. പൂട്ടിയിരുന്ന ഗെയിറ്റ് ചാടിക്കടന്നാണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. വീടിന്റെ സമീപത്തു വച്ചിരുന്ന കോണി ഉപയോഗിച്ച് ഒന്നാം നിലയിൽ കയറി മുറിയുടെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മറ്റു മുറികൾ തുറക്കാനും ശ്രമം നടന്നിട്ടുണ്ട്. ഗൃഹനാഥൻ ഉണർന്ന് ലൈറ്റിട്ടപ്പോഴേക്കും മോഷ്ടാക്കൾ സ്ഥലം വിടുകയായിരുന്നു. ഫറോക്ക് പൊലീസിൽ പരാതി നൽകി.
ഇതേ രാത്രിയാണ് അടച്ചിട്ടിരുന്ന ചെനപ്പറമ്പ് കിളിയൻകണ്ടി സതീശിന്റെ വീട്ടിലും കവർച്ച നടന്നത്. കിളിയൻകണ്ടി റോഡരികിലെ ഇരുനില വീടിന്റെ മുകളിലെ നിലയിലുള്ള മുറിയുടെ വാതിൽ തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്.3 പവൻ സ്വർണ്ണാഭരണവും എടിഎം കാർഡുമാണ് നഷ്ടപ്പെട്ടത്. മുറികളിലെ അലമാരകളിലുള്ള സാധനങ്ങളെല്ലാം വാരിവലിച്ചിടുകയും ചെയ്തു. എ ടി എം കാർഡ് ഉപയോഗിച്ച് മോഷ്ടാക്കൾ 5000 രൂപ പിൻവലിച്ചതായി സതീശിന് സന്ദേശം ലഭിച്ചപ്പോഴാണ് കളവു നടന്ന വിവരം അറിയുന്നത്. സതിശും കുടുംബവും വീടുപൂട്ടി ബാംഗ്ളൂരിൽ പോയതായിരുന്നു. ഫറോക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫറോക്ക് ചായിച്ചൻ വളവിനു സമീപം തെക്കേടത്തു സുനിൽ കുമാറിന്റെ വീട്ടിലും ഇതേ രാത്രി കവർച്ചാ ശ്രമം നടന്നു.വീടിന്റെ ഒന്നാം നിലയിൽ കള്ളൻ കയറി. കള്ളനെ കണ്ട് വീട്ടുകാർ ലൈറ്റിട്ട് ബഹളം  വെച്ചപ്പോൾ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.