കണക്കെടുപ്പിൽ 27 ഇനം പരുന്തുവർഗ്ഗങ്ങളേയും മൂന്ന് ഇനം കഴുകന്മാരെയും 9 ഇനം മൂങ്ങകളും ഉൾപ്പെടെ 227 ഇനം പക്ഷികളെ കണ്ടെത്തി
സുൽത്താൻ ബത്തേരി: ദക്ഷിണേന്ത്യയിൽ അവശേഷിക്കുന്ന കഴുകന്മാരുടെ ആവാസ കേന്ദ്രമായ വയനാട്ടിൽ ജർഡൻസ് ബാസ, യുറേഷ്യൻ സ്പാരോ ഹോക്ക്, ലെഗ്ഗീസ് ഹോക്ക് എന്നീ അപൂർവ്വങ്ങളായ മൂന്നിനം കഴുകന്മാരെകൂടി കണ്ടെത്തി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജില്ലയിൽ നടന്ന കഴുകൻ -പരുന്ത് കണക്കെടുപ്പിലാണ് അപൂർവ്വമായികൊണ്ടിരിക്കുന്ന കഴുകന്മാരെ കണ്ടെത്തിയത്.
38 ചുട്ടികഴുകന്മാരെയും മൂന്ന് കാതില കഴുകന്മാരെയും മുത്തങ്ങ റെയിഞ്ചിലെ കാക്കപ്പാടത്ത് കണ്ടെത്തി. വയനാട് വന്യജീവി സങ്കേതം, നോർത്ത് വയനാട്, സൗത്ത് വയനാട് എന്നീ മൂന്ന് ഡിവിഷനുകളിലാണ് റാപ്റ്റർ സർവ്വെ 11 മുതൽ 13 വരെ നടന്നത്.
പ്രശസ്തരായ പക്ഷിശാസ്ത്രജ്ഞൻ സത്യൻ മേപ്പയൂർ, അബ്ദുൾ റിയാസ് സന്ദീപ്ദാസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സർവ്വേയിൽ കെഎഫ്ആർഐ പീച്ചി, കോളേജ്ഓഫ് ഫോറസ്ട്രി തൃശ്ശൂർ, സെന്റർ ഫോർ വൈൽഡ് ലൈഫ് സ്റ്റഡീസ് പൂക്കോട്, കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജ്, ഫാറൂഖ് കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള അദ്ധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ എൺപതോളം പേരാണ് 24 ക്യാമ്പുകളിലായി കണക്കെടുപ്പ് നടത്തിയത്.
സർവ്വേയ്ക്ക് വയനാട് വൈൽഡ് ലൈഫ് വാർഡൻ എസ്.നരേന്ദ്രബാബു, ബത്തേരി അസി. വൈൽഡ് ലൈഫ് വാർഡൻ എസ്.രൻജിത്ത്കുമാർ എന്നിവർ നേതൃത്വം നൽകി. ഗജയിൽനടന്ന സർവ്വേയുടെ അവലോകന ചടങ്ങിൽ സൗത്ത് വയനാട് ഡി.എഫ്.ഒ എ.ഷജ്ന പങ്കെടുത്തു.
സമൂഹത്തിന്റെ സംരക്ഷകർ
സുൽത്താൻ ബത്തേരി: പ്രകൃതിയിൽ രോഗങ്ങൾ പടർന്നു പിടിക്കാതെ സമൂഹത്തെ സംരക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്ന ജീവിവർഗ്ഗമാണ് കഴുകന്മാർ. ഭൂമിയിൽ നിന്ന് തുടച്ചുനീക്കപ്പെടാൻ പോകുന്ന സാഹചര്യമാണ് കഴുകന്മാർ നേരിടുന്നത്. ദക്ഷിണേന്ത്യയിൽ അവശേഷിക്കുന്ന ഏഴിനം കഴുകന്മാരിൽ ആറിനത്തേയും വയനാട്ടിൽ കണ്ടെത്തിയിട്ടുണ്ട്.
ഡൈക്ലോഫെനാക്, കേറ്റോപ്രോഫിൻ തുടങ്ങിയ വേദന സംഹാരികളുടെ അമിതമായ ഉപയോഗമാണ് ജഢായു വംശത്തിന്റെ ഇല്ലാതാകുന്നതിന് കാരണമായിരിക്കുന്നത്. മരുന്നുഷോപ്പുടമകൾ, വെറ്ററിനറി ഡോക്ടർമാർ, പൊതുജനങ്ങൾ, വിദ്യാർത്ഥികൾ എന്നിവർക്ക് ഈ വേദന സംഹാരിയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള ബോധവൽക്കരണ ക്ലാസുകളിലൂടെയും മറ്റ് മാർഗ്ഗങ്ങളിലൂടെയും അവശേഷിക്കുന്ന കഴുകൻ വംശത്തെ സംരക്ഷിക്കുന്നതിനുള്ള പരിശ്രമത്തിലാണ് വയനാട് വന്യജീവി സങ്കേതം.