കൊയിലാണ്ടി: ഉത്സവക്കാലം ലക്ഷ്യം വെച്ചുള്ള ലഹരി ഒഴുക്കിന് തടയിടാൻ എക്സെെസും പൊലീസും രംഗത്ത്.

കൊയിലാണ്ടിയിലും പരിസരപ്രദേശങ്ങളിലും കഞ്ചാവും പുകയില ഉത്പന്നങ്ങളും വ്യാപകമായതോടെയാണ് പൊലീസും എക്സെെസും സംയുക്തമായി രംഗത്തിറങ്ങിയത്. ഉത്സവങ്ങൾ സജീവമാകുന്ന മാർച്ച് എപ്രിൽ മാസങ്ങളിലാണ് മംഗലാപുരത്ത് നിന്ന് ലഹരി വസ്തുതുക്കൾ വലിയ അളവിൽ കൊയിലാണ്ടിയിലേക്ക് എത്തുന്നത്. രാത്രി വാഹനങ്ങളിൽ എത്തുന്ന ലഹരി വസ്തുക്കൾ ആൾ പാർപ്പില്ലാത്ത വീടുകളിലും ചില കോളനികളും കേന്ദ്രീകരിച്ച് ചെറുകിടക്കാർക്ക് നല്കുകയാണ് ചെയ്യുന്നത്. റെയിൽവേ കമ്പനി പറമ്പ്, ഹാർബർ പരിസരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് വിൽപ്പന. ട്രെയിനിൽ കൊണ്ടു വരുന്നതിന് പുറമെ പാർസൽ ലോറികൾ, പച്ചക്കറി വണ്ടികൾ വഴിയും ലഹരി വസ്തുതുക്കൾ കൊയിലാണ്ടിയിലെത്തുന്നുണ്ട്. വ്യാപനത്തെ മുന്നിൽ കണ്ട് പൊലീസും എക്‌സൈസും ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.


നടപടി കടുപ്പിച്ച്

 കാട് പിടിച്ച് കിടക്കുന്ന റെയിൽവേ പറമ്പ് വെട്ടി തെളിയിക്കാൻ റെയിൽവേയോട് ആവശ്യപ്പെടും

ട്രാഫിക് പരിശോധ ശക്തമാക്കും.

 അതിഥി തൊഴിലാളികൾ പാർക്കുന്ന ഇടങ്ങൾ പരിശോധിക്കും.

 കെട്ടിടങ്ങളുടെ ഉടമകളോട് രേഖയില്ലാതെ മുറികൾ വാടകയ്ക്ക് കൊടുക്കരുതെന്ന് നിർദ്ദേശം

 നർകോട്ടിക് സെല്ലിന്റേയും ഡോഗ് സ്ക്വാഡിന്റേയും സഹായത്തോടെ നഗരത്തിൽ വ്യാപക പരിശോധന

എക്‌സൈസ് ലഹരി വിരുദ്ധ പ്രചരണത്തിന് ബോധവത്കരണ ക്ലാസുകൾ നടത്തും.

'' ലഹരി വ്യാപനത്തെ മുന്നിൽ കണ്ട് പൊലീസും എക്‌സൈസും ശക്തമായ നടപടികളാണ് തയ്യാറാക്കിയിട്ടുള്ളത്.

രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധസംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ഇവ നടപ്പാക്കും. എൻ സുനിൽ കുമാർ

സി.ഐ.