കോഴിക്കോട്: ബ്രിട്ടീഷുകാർ നൽകിയ പ്രാധാന്യം പോലും ഇന്ത്യൻ റെയിൽവേ മലബാറിന് നൽകുന്നില്ലെന്ന് എം.കെ.രാഘവൻ എം.പി ലോക്‌സഭയിൽ ആരോപിച്ചു. അതീവ പ്രാധാന്യമാണ് ബ്രിട്ടീഷ് ഇന്ത്യയിൽ ബേപ്പൂരിന് ലഭിച്ചിരുന്നത്. നിലവിലെ റെയിൽവേ ട്രാഫിക്കിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിൽ കേരളത്തിന് പ്രത്യേകമായി ഒരു റെയിൽവേ സോൺ ആവശ്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ സതേൺ റെയിൽവേയ്ക്ക് അനുവദിച്ചിരിക്കുന്ന പദ്ധതികളെല്ലാം കേരളത്തിലെ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ നടപ്പിലാക്കാതെ ഭൂരിഭാഗവും മറ്റ് ഡിവിഷനുകളിലാണ് നടപ്പിലാക്കുന്നത്. രാജ്യത്തെ തുറമുഖങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്ന തരത്തിൽ റെയിൽവേ ലൈനുകൾ വിപുലീകരിക്കണം. അത്തരത്തിൽ കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ ഫറോക്ക്-കരിപ്പൂർ-അങ്ങാടിപ്പുറം റെയിൽവേ ലൈൻ റെയിൽവേയ്ക്ക് മുന്നിലുണ്ട്. പദ്ധതി കോഴിക്കോട് വിമാനത്തവളത്തിന്റെയും ബേപ്പൂർ തുറമുഖത്തിന്റെയും വികസനത്തിന് ഒരു പോലെ മുതൽ കൂട്ടാവും. ചരക്ക് നീക്കത്തിന് മാത്രമായി മൂന്നാമതൊരു ലൈൻ കേരളത്തിൽ സ്ഥാപിക്കണം.. യാത്രാദുരിതം കണക്കിലെടുത്ത് നിലവിലുള്ള യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടണമെന്നും കോഴിക്കോട് ബംഗളൂരി സെക്ടറിൽ പുതിയ ട്രെയിൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.