കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഒരു കോടി രൂപ വില മതിക്കുന്ന പുതുതലമുറ മയക്കുമരുന്നുകൾ കോഴിക്കോട് എക്സൈസ് ഇൻസ്പെക്ടർ സി.ശരത് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.പന്നിയങ്കരയിലെ വെസ്റ്റ് മാങ്കാവ് ഫാത്തിയാസ് ഹൗസിൽ നിന്ന് എൽ.എസ്.ഡി 82 എണ്ണം, ഹാഷിഷ് 1.431 കിലോഗ്രാം, എം.ഡി.എം.എ 2.74 ഗ്രാം, കൊക്കെയ്ൻ 3.15 ഗ്രാം എന്നിവയാണ് ഇന്നലെ പിടികൂടിയത്. വീടിനകത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു മയക്കുമരുന്ന് ശേഖരം.അറസ്റ്റിലായ പ്രതി കെ ഫസലു (34)വിനെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി (3) റിമാൻഡ് ചെയ്തു.
രഹസ്യവിവരത്തെ തുടർന്നായിരുന്നു എക്സൈസ് സംഘത്തിന്റെ മിന്നൽ പരിശോധന. എൽ.എസ്.ഡി ഗോവയിൽ നിന്നും ഹാഷിഷ് ഡൽഹിയിൽ നിന്നും എം.ഡി.എം.എ , കൊക്കെയ്ൻ എന്നിവ രാജസ്ഥാൻ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുമാണ് കൊണ്ടുവന്നതെന്ന് പ്രതി സമ്മതിച്ചു.
മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തെ കണ്ടെത്താൻ എക്സൈസ് പ്രതിയുടെ ഫോൺ കോളുകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരികയാണ്. എക്സൈസ് സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വി.റിഷിത്ത്കുമാർ, എൻ.കെ.യോഗേഷ് ചന്ദ്ര, ഡി.എസ്.ദിലീപ്കുമാർ, മുഹമ്മദ് അബ്ദുൾ റഹൂഫ്, സി.നിധിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുള ഉല്ലാസ് , ബി.ബിനീഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.