
# തിരുവനന്തപുരം പ്ലാന്റ് കാണാൻ പോകില്ലെന്ന് സമരസമിതി കൺവീനർ
# വിളിച്ചിട്ടില്ലെന്ന് കോതിയിലെ സമരസമിതി
കോഴിക്കോട്: ആവിക്കലിലും കോതിയിലും കോർപ്പറേഷൻ നിർമിക്കുന്ന മലിനജല സംസ്കരണ പ്ലാന്റിനെതിരെ പ്രതിഷേധം മുറുകുന്നു. തിരുവനന്തപുരത്ത് നടപ്പാക്കിയ പ്ലാന്റിന്റെ പ്രവർത്തനം നേരിട്ടുകണ്ട് മനസിലാക്കാൻ കോർപ്പറേഷൻ സൗകര്യമൊരുക്കിയെങ്കിലും പ്രതിഷേധക്കാർ തള്ളി. 19ന് രാത്രിയാണ് കോർപ്പറേഷന്റെ നേതൃത്വത്തിൽ കൗൺസിലർമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം തിരുവനന്തപുരത്തേക്ക് പുറപ്പെടുക.
ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ കുറുക്കുവഴികളിലൂടെ പദ്ധതി നടപ്പാക്കാനാണ് കോർപ്പറേഷൻ ശ്രമിക്കുന്നതെന്നും തിരുവന്തപുരത്തേക്ക് പോകില്ലെന്നും ആവിക്കലിലെ ജനകീയ സമരസമിതി കൺവീനർ ഇർഫാൻ ഹബീബ് പറഞ്ഞു. സി.പി.എം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. സമരസമിതി ഉന്നയിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. പോകാൻ തയ്യാറാകുന്നവരെ തടയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തേക്ക് പോകാൻ കോർപ്പറേഷനിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് കോതിയിലെ സമരസമിതി നേതാവ് ഫൈസൽ പള്ളിക്കണ്ടിയും വ്യക്തമാക്കി.
അതേസമയം സർവകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരമാണ് സന്ദർശനം നിശ്ചയിച്ചതെന്നും ഇതുമായി ബന്ധപ്പെട്ടവരെ വിളിക്കുമെന്നും കോർപ്പറേഷൻ ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ എസ്. ജയശ്രീ പറഞ്ഞു. പ്രദേശത്തെ കൗൺസിലർമാരും കോതിയിലെയും ആവിക്കലിലെയും പരിസരവാസികളും മാദ്ധ്യമപ്രവർത്തകരുമെല്ലാം സംഘത്തിലുണ്ടാകുമെന്ന് അവർ അറിയിച്ചു. പോകുന്ന കാര്യം ഇന്ന് ചേരുന്ന യു.ഡി.എഫ് കൗൺസിൽ പാർട്ടി യോഗത്തിൽ തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയും പറഞ്ഞു.
അടുത്ത വർഷം മാർച്ചിൽ പൂർത്തീകരിച്ചില്ലെങ്കിൽ പദ്ധതി നഷ്ടപ്പെടുന്ന സാഹചര്യം കോർപ്പറേഷന്റെ മുന്നിലുണ്ട്. 139. 5 കോടിയാണ് രണ്ട് പദ്ധതികൾക്കായി നീക്കിവെച്ചത്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയതിന് ശേഷമാണ് എതിർപ്പ് ശക്തമായത്.
ആവിക്കലിൽ പ്ലാന്റ് നിർമാണത്തിന്റെ ആദ്യപടിയായി ജനുവരി 31ന് മണ്ണ് പരിശോധനയ്‌ക്കെത്തിയവരെ തടഞ്ഞാണ് പ്രതിഷേധത്തിന് തുടക്കം. തുടർന്ന് വലിയ പ്രതിഷേധം ഉയരുകയും തീരദേശ ഹർത്താൽ നടക്കുകയും ചെയ്തു. കോതിയിലും സമാനരീതിയിൽ സമര സമിതി രൂപീകരിച്ച് പ്രതിഷേധം ആരംഭിച്ചു.
പ്ലാന്റ് നിർമിക്കാൻ മഹാരാഷ്ട്രയിലെ സീമാക് ഹൈടെക് പ്രോഡക്ടസും പൈപ്പിടുന്നതിന് അഹമ്മദാബാദിലെ നാസിത് ഇൻഫ്രാസ്‌ട്രെക്ചർ കമ്പനിയുമാണ് ടെൻഡറെടുത്തത്.
ദ്രുതവേഗം വളരുന്ന കോഴിക്കോട് നഗരത്തിന് പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ലെന്നാണ് കോർപ്പറേഷന്റെ നിലപാട്.