സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ പൂമറ്റം വനത്തിൽ തോക്കുമായി വേട്ടയ്ക്കിറങ്ങിയ പൊലീസുകരനോടൊപ്പമുണ്ടായിരുന്ന സംഘത്തിലെ രണ്ട് പേരെകൂടി വനം വകുപ്പ് പിടികൂടി. നീലഗിരി കയ്യൂന്നി പുളിക്കമാലിൽ സിബി (49), കണ്ണൂർ കരുവൻചാൽ രാജു (51) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം ഏഴായി.
2021 സെപ്തംബർ പത്തിന് പുലർച്ചെ രണ്ട് മണിക്കാണ് മുത്തങ്ങ റെയിഞ്ചിലെ തോട്ടാമൂല സെക്‌ഷനിൽപ്പെട്ട മുണ്ടക്കൊല്ലി പൂമറ്റം വനമേഖലയിൽ സംഘം വേട്ടയ്ക്കിറങ്ങിയത്. ഗൂഡല്ലൂർ ധർമ്മഗിരി സ്വദേശിയും എരുമാട് സ്റ്റേഷനിലെ പൊലീസുകാരനുമായ ജെ.ഷിജുവിന്റെ നേതൃത്വത്തിലാണ് സംഘം വനത്തിൽ കടന്നത്. കടുവ സെൻസസിനായി വനമേഖലയിൽ സ്ഥാപിച്ച കാമറയിൽ തോക്കുമായി നടന്നുനീങ്ങുന്ന ആളിന്റെ ചിത്രം പതിഞ്ഞതോടെയാണ് അന്വേഷണത്തിൽ പൊലീസുകാരന്റെ നായാട്ടുകഥ പുറത്തായത്. വനം വകുപ്പ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതികളെല്ലാം ഒളിവിൽ പോയിതു.
വേട്ടയ്ക്കായി കൊണ്ടുവന്ന തോക്ക് ഒളിപ്പിക്കാൻ കൂട്ടുനിന്ന നായാട്ടുസംഘത്തിലെ തമിഴ്നാട് സ്വദേശി കൊരണ്ടിയാർകുന്നിൽ ജിജോ(38) പിടിയിലായതോടെ മറ്റ് പ്രതികളെപ്പറ്റി വ്യക്തമായ സൂചന ലഭിച്ചു. അതിനിടെ മുഖ്യ പ്രതിയായ പൊലീസുകാരൻ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചങ്കിലും ലഭിച്ചില്ല. തുടർന്ന് ഇയാൾ കീഴടങ്ങുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് എരുമാട് ആടുകാലയിൽ ബേസിൽ അബ്രഹാം (34), മുന്നനാട് കൊന്നാട്ട് സുരേഷ് (43), കല്ലിച്ചാൽ സുരേന്ദ്രൻ (53) എന്നിവരെയും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പിടിയിലായ സിബിയുടെതാണ് തോക്ക്. ഇത് നിർമ്മിച്ചയളടക്കം രണ്ട് പേരെകൂടി ഇനി പിടികൂടാനുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.
മുത്തങ്ങ അസി.വൈൽഡ്‌ലൈഫ് വാർഡൻ കെ.പി.സുനിൽകുമാർ, തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യുട്ടി റെയിഞ്ച് ഓഫീസർ പി.എൻ.രാഗേഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.