vaccine
12 മുതൽ 14 വയസുവരെ പ്രായമായ കുട്ടികൾക്ക് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചതോടെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഇന്നലെ വാക്സിൻ സ്വീകരിക്കാനെത്തി വിദ്യാർത്ഥി.

കോഴിക്കോട്: ജില്ലയിൽ 12 മുതൽ 14 വയസുവരെ പ്രായമായ കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ 20 കുട്ടികൾക്കാണ് ഇന്നലെ വാക്‌സിൻ നൽകിയത്.

കോർബെവാക്‌സ് എന്ന വാക്‌സിനാണ് കുട്ടികൾക്ക് നൽകിയത്. വാക്‌സിന്റെ 95,500 ഡോസ് ജില്ലയിലെത്തി.
ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവ വഴിയാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകുക. കൊവിൻ പോർട്ടലിൽ അപ്‌ഡേഷൻ വരുന്ന മുറയ്ക്ക് ഓൺലൈനായും സ്‌പോട്ട് രജിസ്‌ട്രേഷൻ വഴിയും രജിസ്റ്റർ ചെയ്യാം. 2010ൽ ജനിച്ച എല്ലാവർക്കും രജിസ്റ്റർ ചെയ്യാൻ കഴിയുമെങ്കിലും വാക്‌സിൻ എടുക്കുന്ന ദിവസം 12 വയസ് പൂർത്തിയായാൽ മാത്രമേ വാക്‌സിൻ നൽകുകയുള്ളൂ.28 ദിവസത്തിന് ശേഷമായിരിക്കും രണ്ടാംഡോസ് നൽകുക.

ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ.മോഹൻദാസ് , മെഡിക്കൽ ഓഫീസർ ഡോ.മുനവർ റഹ്മാൻ, ജില്ലാ എജ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ബേബി നാപ്പള്ളി, ഡെപ്യൂട്ടി എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.എം.മുസ്തഫ എന്നിവർ നേതൃത്വം നൽകി.


@ 60 വയസ് കഴിഞ്ഞവർക്ക് കരുതൽ ഡോസ്

കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുമെടുത്ത 60 വയസ് കഴിഞ്ഞവർക്കുള്ള കരുതൽ ഡോസും ജില്ലയിൽ ആരംഭിച്ചു. രണ്ടാം ഡോസെടുത്ത് ഒമ്പത് മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് നൽകുക. ഇത്തരക്കാർ അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രവുമായോ ആരോഗ്യ പ്രവർത്തകരുമായോ ബന്ധപ്പെട്ട് കരുതൽ ഡോസ് എടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഉമ്മർ ഫാറൂഖ് വി അറിയിച്ചു.

@ 71 പേർക്ക് കൊവിഡ്

ജില്ലയിൽ 71 കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 69 പേർക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും കേരളത്തിന് പുറത്തു നിന്നു വന്ന ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 1,987 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 61 പേർ കൂടി രോഗമുക്തി നേടി. നിലവിൽ 644 പേരാണ് ജില്ലയിൽ കൊവിഡ് ബാധിതരായുള്ളത്.