തിരുവനന്തപുരം: വയനാട്ടിലെ വിവിധ ഭൂപ്രശ്നങ്ങൾ ഘട്ടം ഘട്ടമായി പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. ജില്ലയിലെ ഭൂപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി തിരുവനന്തപുരത്ത് ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സാധാരണക്കാരന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുക. ആ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി തുടർച്ചയായ ഇടപെടലുകളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഈ സർക്കാർ മൂന്നാം തവണയാണ് വയനാട്ടിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് യോഗം ചേരുന്നത്.

അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്. റവന്യൂ വകുപ്പിലേക്ക് ഡീ വെസ്റ്റ് ചെയ്യേണ്ട ഭൂമിയാണ് കൂടുതലായി വയനാട്ടിലുള്ളത്. അതിനുവേണ്ടി വിവിധ വകുപ്പുകളുമായി ഉന്നതതല ചർച്ച നടത്തും. പട്ടയവുമായി ബന്ധപ്പെട്ട നടപടികൾ സുതാര്യമാക്കുന്നതിനായി പട്ടയം ഡാഷ് ബോർഡുകൾ തയ്യാറാക്കിയിട്ടുണ്ട്. ദൈനംദിനമായ പരിശോധനകളും നടന്നു വരുന്നുണ്ട് മന്ത്രി പറഞ്ഞു.

യോഗത്തിൽ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ, എംഎൽഎ മാരായ ഒ.ആർ.കേളു, ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണൻ എന്നിവരും, ലാന്റ് റവന്യൂ കമ്മീഷണർ കെ.ബിജു, അഡീഷണൽ പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ ഡോ.പി.പുകഴേന്തി, ജില്ലാ കളക്ടർ എ.ഗീത, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മുൻ എംഎൽഎ സി.കെ.ശശീന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ, സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, എം.ഡി.ഇബ്രാഹിം, കെ.ജെ.ദേവസ്യ, ഷാജി ചെറിയാൻ, പി.എ.കരീം, എബ്രഹാം, പി.അബ്ദുൾ സലാം, എ.പി.കുര്യാക്കോസ്, ബെഞ്ചമിൻ ഈശോ, കെ.കെ.ഹംസ, കുര്യാക്കോസ് മുള്ളൻമട. കെ.പി.ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.