കോഴിക്കോട്: വേനൽച്ചൂടിൽ നഗരം ഉരുകുമ്പോൾ ദാഹജലവുമായി സിറ്റി പൊലീസും. നഗരത്തിലെത്തുന്നവർക്ക് പൊലീസ് സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിക്ക് ഇന്നലെ തുടക്കമായി. സിറ്റി പൊലീസ് കമ്മിഷണർ എ.വി ജോർജ് ഉദ്ഘാടനം ചെയ്തു. പഴയ കിഡ്സൺ കോർണറിലാണ് രാമച്ചമിട്ട് തിളപ്പിച്ച കുടിവെള്ളം വിതരണം ചെയ്യുന്നത്. എല്ലാ ദിവസവും രാവിലെ 11 മണി മുതൽ കുടിവെള്ള വിതരണം ആരംഭിക്കും. ഒരു ദിവസം 1500 ലിറ്റർ കുടിവെള്ളം വിതരണം ചെയ്യാനാണ് പദ്ധതി.
ചടങ്ങിൽ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസി.കമ്മിഷണർ എ.ഉമേഷ്, മാലൂർകുന്ന് എ.ആർ ക്യാമ്പ് അസി. കമാണ്ടൻഡ് ഉണ്ണികൃഷ്ണൻ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ശശികുമാർ, പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.