സുൽത്താൻ ബത്തേരി: വാഹനപരിശോധനയ്ക്കിടെ ബസ് യാത്രക്കാരനിൽ നിന്ന് ഒമ്പത് ലക്ഷം രൂപ പിടികൂടിയ സംഭവത്തിൽ പ്രിവന്റീവ് ഓഫീസർമാരുടെയും സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥരുടെയും ഭാഗത്ത് ഗുരുതരമായ കൃത്യവിലോപവും അച്ചടക്ക ലംഘനവും കണ്ടെത്തി. വകുപ്പ് തലനടപടികളുടെ ഭാഗമായി ചെക്ക് പോസ്റ്റിലെ രണ്ട് പ്രിവന്റീവ് ഓഫീസർമാരെയും നാല് സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിക്കൊണ്ട് വയനാട് ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണർ ഉത്തരവായി.
ഞായറാഴ്ച പുലർച്ചെ 4.30 ഓടെയാണ് കർണാടക ആർടിസി ബസിലെ യാത്രക്കാരനിൽനിന്ന് വാഹനപരിശോധനയ്ക്കിടെ 9 ലക്ഷം രൂപ എക്‌സൈസ് പിടികൂടിയത്. ഗുണ്ടൽപേട്ട സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് മതിയായ രേഖകളില്ലാത്ത പണം കണ്ടെടുത്തത്. രേഖകൾ ഹാജരാക്കിയാൽ പണം തിരികെ നൽകാമെന്ന് പറഞ്ഞ് പണം ഉദ്യോഗസ്ഥർ വാങ്ങിവെക്കുകയും ചെയ്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെ രേഖകൾ ഹാജരാക്കിയപ്പോൾ ഡ്യുട്ടിയിലുണ്ടായിരുന്ന എക്‌സൈസ് ഇൻസ്‌പെക്ടർ പണം വാങ്ങിവെച്ച ഉദ്യോഗസ്ഥരെകൊണ്ട് പണം എണ്ണി തിട്ടപ്പെടുത്തി ഉടമസ്ഥനെ ബോധ്യപ്പെടുത്തി തിരികെ നൽകി.
ഡ്യുട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പാലിക്കാതെയും പണം പിടികൂടിയത് രേഖകളിൽ രേഖപ്പെടുത്താതെയുമാണ് സൂക്ഷിച്ചുവെച്ചത്. ഡ്യൂട്ടികഴിഞ്ഞ് വിശ്രമത്തിലായിരുന്ന എക്‌സൈസ് ഇൻസ്‌പെക്ടറെയോ ബന്ധപ്പെട്ട ഓഫീസ് മേധാവിയായ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറെയോ അറിയിച്ചില്ല.
ഇത് ഗുരുതരമായ കൃത്യവിലോപവും അച്ചടക്കലംഘനവുമാണെന്ന് കാരണം കാണിക്കൽ നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച നൽകിയ കാരണം കാണിക്കൽ നോട്ടീസിന് നൽകിയ വിശദീകരണത്തെതുടർന്നാണ് സ്ഥലംമാറ്റ നടപടിയിലേക്ക് മാത്രമായി നീങ്ങിയത്.
സംഭവം നടക്കുന്ന സമയത്ത് മുത്തങ്ങ ചെക്ക് പോസ്റ്റിൽ ഡ്യുട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കൃത്യവിലോപവും, അച്ചടക്കലംഘനവും, ഡിപ്പാർട്ട്‌മെന്റിന്റെ അന്തസ് പൊതുജന മദ്ധ്യത്തിൽ കളങ്കപ്പെടുത്തുന്നതുമായ പ്രവർത്തിയുണ്ടായതായി പ്രഥമദൃഷ്ട്യ കണ്ടെത്തിയ സാഹചര്യത്തിലാണ് സ്ഥലം മാറ്റിയത്. മുത്തങ്ങ ചെക്ക് പോസ്റ്റിലേക്ക് പകരം ജീവനക്കാരെയും നിയമിച്ചുകൊണ്ട് ഉത്തരവാകുകയും ചെയ്തു.