പാറക്കടവ്: പാറക്കടവ് ഉമ്മത്തൂരിൽ പുഴയുടെ തീരം ഇടിയുന്നത് വീടുകൾക്കും കൃഷിയിടത്തിനും അപകട ഭീഷണി ഉയർത്തുന്നു. മഴക്കാലത്ത് കൂടുതലായി തീരം ഇടിയുന്നത്. ചെറിയ മഴ പെയ്താൽ പോലും വെള്ളം പറമ്പുകളിലേക്ക് കയറും. ഇതോടെ സമീപത്തെ കൃഷികൾ നശിക്കുന്നത് പതിവ് കാഴ്ചയാണ്. പതിനഞ്ചുമഠത്തിലെ 20 ഓളം കുടുംബങ്ങൾ ദുരിതത്തിലാണ്. ഒരു വർഷം തന്നെ പലതവണ കൃഷിനാശം ഉണ്ടാകുമ്പാൾ ഇവർ കൃഷിയിൽ നിന്ന് പിൻതിരിയുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ ഹെക്ടർ കണക്കിന് ഭൂമിയാണ് കാലവർഷത്തിൽ പുഴയെടുത്തത്. പുഴ സംരക്ഷണം പേരിലൊതിങ്ങുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പ്രദേശവാസികൾ പറയുന്നത്. വാണിമേൽ പുഴയുടെ ഉത്ഭവകേന്ദ്രമായ പുല്ലുവാപ്പുഴ മുതൽ പെരിങ്ങത്തൂർ വരെയുള്ള ഭാഗങ്ങളിൽ പുഴ കരയെടുക്കുന്നത് പതിവായിട്ടും അധികൃതർ മൗനം പാലിക്കുകയാണ്. സംരക്ഷണഭിത്തി കെട്ടണമെന്നാവശ്യപ്പെട്ട് സമീപവാസികൾ മന്ത്രിമാർക്കും നിവേദനം നൽകിയിട്ടുണ്ട്. കഴിഞ്ഞ മഴക്കാലത്ത് പുഴ ഗതി മാറി ഒഴുകിയതിനെ ത്തുടർന്നുണ്ടായ നടുക്കുന്ന ഓർമകൾ വിട്ടുമാറാതെ ഭയചിതരാണ് ഇവർ.