chief
എ.വി. ജോർജ്ജ്

കോഴിക്കോട്: കേരളത്തെ പിടിച്ചുകുലുക്കിയ ഒട്ടോറെ കേസ്സുകളുടെ അന്വേഷണത്തിൽ പങ്കാളിയായ ഐ.ജിയും കോഴിക്കോട് സിറ്റി പൊലീസ് ചീഫുമായ എ.വി.ജോർജ്ജ് മാർച്ച് അവസാനത്തോടെ പൊലീസ് സേനയിൽ നിന്ന് പടിയിറങ്ങുന്നു.

കോട്ടയം മുന്നിലാവിൽ 1962 മാർച്ച് 24ന് ജനിച്ച എ.വി ജോർജ്ജ് സ്പെഷ്യൽ റിക്രൂട്ട്മെന്റിലൂടെ സർക്കിൾ ഇൻസ്പെക്ടറായാണ് സർവീസിൽ പ്രവേശിച്ചത്. 36 വർഷത്തെ സേവനത്തിനിടയിൽ പടിപടിയായി ഉയർന്ന് ഐ.ജി പദവിയിലെത്തുകയായിരുന്നു. 2005ലാണ് ഐ.പി.എസ് ലഭിച്ചത്. 2019ൽ ഡി.ഐ.ജിയായി പ്രൊമോഷൻ ലഭിച്ച് കോഴിക്കോട് സിറ്റി കമ്മിഷണറായി. ഏതാനും മാസം മുമ്പാണ് ഐ.ജിയായി പ്രൊമോഷൻ ലഭിച്ചത്. കോഴിക്കോട് സിറ്റി കമ്മിഷണർ പദവി ഐ.ജി റാങ്കിലേക്ക് ഉയർത്തുകയുമായിരുന്നു.

എറണാകുളം അസി കമ്മിഷണറായി ജോലി ചെയ്യവെ അന്നത്തെ സിറ്റി കമ്മിഷണർ ജേക്കബ് തോമസിന്റെ നിർദ്ദേശപ്രകാരമാണ് മ്അദനിയെ ആദ്യമായി അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് കോയമ്പത്തൂർ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് മ്അദനിയെ തമിഴ്നാട് പൊലീസിന് കൈമാറി. ഇതോടെ മുസ്ളിം തീവ്രവാദ സംഘടകളുടെ കണ്ണിലെ കരടായി മാറിയിരുന്നു. സ്പെഷൽ ബ്രാഞ്ച് എസ്.പിയായിരിക്കെ കോളേജ് അദ്ധ്യാപകൻ പ്രൊഫ.ജോസഫിന്റെ കൈവെട്ടിയ കേസ്, വാഗമൺ സിമി ക്യാമ്പ് കേസ് എന്നിവയുടെ അന്വേഷണത്തിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

ആലപ്പുഴ റൂറൽ എസ്.പിയായി ജോലി ചെയ്യവെ വരാപ്പുഴ സ്റ്റേഷനിൽ വച്ച് ശ്രീജിത്തിനെ ചവിട്ടിക്കൊലപ്പെടുത്തിയ കേസിൽ സസ്പെൻഷനിൽ കഴിയേണ്ടി വന്നിട്ടുണ്ട്. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നിരപരാധിയാണെന്ന് കണ്ടെത്തിയതോടെ തിരിച്ചെടുക്കുകയായിരുന്നു.