കോഴിക്കോട്: വേനൽക്കാലമായതോടെ കേടായ മത്സ്യങ്ങൾ വിപണിയിലെത്താനുള്ള സാദ്ധ്യത മുന്നിൽ കണ്ട് ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന ശക്തമാക്കി. മത്സ്യങ്ങളിൽ വിവിധതരം രാസവസ്തുക്കൾ ചേർത്ത് വിൽപ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ഓപ്പറേഷൻ സാഗർറാണിയുടെ ഭാഗമായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് സെൻട്രൽ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യ യോഗ്യമല്ലാത്ത 100 കി.ഗ്രാം ചൂര, 5 കി.ഗ്രം സിലോപി, 20കി.ഗ്രം സ്രാവ് എന്നിവ പിടി കൂടി നശിപ്പിച്ചിരുന്നു.
മത്സ്യത്തിന്റെ ശരീരത്തിൽ നൈട്രജൻ സൈക്കിളിനെ ഭാഗമായി അമോണിയ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. അതിന് ജീവൻ നഷ്ടപ്പെട്ടു കഴിഞ്ഞാൽ അതിൻറെ ഉല്പാദനം വർദ്ധിക്കുന്നു. അതിനാൽ നിലവിലെ ചൂടനുസരിച്ച് മത്സ്യം വളരെ താഴ്ന്ന ഊഷ്മാവിൽ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഐസ് ഇട്ടു സൂക്ഷിക്കാത്തതോ ശീതികരിക്കാത്തതോ ആയ മത്സ്യം ഉപയോഗിക്കരുത്. ഉൾക്കടലിൽ നിന്ന് പിടിച്ച മത്സ്യം ഹാർബറുകളിലേക്കും ഹാർബറിൽ നിന്ന് നാട്ടിൻപുറങ്ങളിലും എത്തിപ്പെടുമ്പോഴേക്കും ഒരു നിശ്ചിതസമയം സ്വാഭാവികമായും പിന്നിടുന്നുണ്ട്. ഇങ്ങനെ പിന്നിട്ട മത്സ്യം ഐസ് ഇടാതെ പൊരിവെയിലത്തു സൂക്ഷിക്കുമ്പോൾ അതിൽ അമോണിയയുടെ ഉത്പാദനം വർദ്ധിക്കുകയും മത്സ്യം ചീഞ്ഞു പോകുകയും ചെയ്യുന്നു. ഒരു കിലോ മത്സ്യത്തിന് ഒരു കിലോ ഐസ് എന്ന തോതിലെങ്കിലും ഐസ് ഉപയോഗിച്ച ശേഷം മാത്രമേ മത്സ്യം സൂക്ഷിക്കുവാൻ പാടുള്ളൂ. ഭക്ഷ്യ സുരക്ഷ വകുപ്പ് മത്സ്യ പരിശോധന വർദ്ധിപ്പിച്ചിട്ടുള്ളതിനാൽ
പരാതികൾ 18004251125 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കാം.
@ നല്ല മത്സ്യം അറിയാം
. സ്വാഭാവികമായ തിളക്കമുണ്ടാകും
. ദുർഗന്ധം ഉണ്ടാവില്ല
. മാംസത്തിന് ഉറപ്പുണ്ടാകും ( ചെറുതായി അമർത്തുമ്പോൾ കുഴിഞ്ഞ് പോവുകയും അതേ അവസ്ഥയിൽ തുടരുകയും ചെയ്താൽ അത് ചീഞ്ഞ മത്സ്യമാണ്
. ഫ്രഷ് മത്സ്യത്തിന് നിറവ്യത്യസമില്ലാത്ത തിളങ്ങുന്ന കണ്ണുകൾ ആയിരിക്കും
. ഫ്രഷ് മത്സ്യത്തിന്റെ ചെകിളപൂക്കൾക്ക് നല്ല ചുവപ്പ് നിറമായിരിക്കും. പഴകിയവയുടേത് തവിട്ട് നിറത്തിലോ ഇരുണ്ട നിറത്തിലോ ആയിരിക്കും
@ ഭക്ഷണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പരിശോധന നടക്കുന്നതും ഏറ്റവും കൂടുതൽ കേസ് ഫയൽ ചെയ്തിട്ടുള്ളതുമായ ജില്ലയാണ് കോഴിക്കോട്.
സി.എ വിമൽ, നോഡൽ ഫുഡ് ആൻഡ് സേഫ്ടി ഓഫീസർ, കോഴിക്കോട്