ഫറോക്ക്: ഫറോക്കിലെ ടിപ്പു സുൽത്താൻ കോട്ടയും ജർമ്മൻ ബംഗ്ലാവും പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡെപ്യൂട്ടി സൂപ്രണ്ടിംഗ് എൻജിനിയർ കെ.ജെ ലൂക്ക, കൺസർവേഷൻ അസിസ്റ്റന്റ് പി. ഋഷികേശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.
ഇന്നലെ ഉച്ച കഴിഞ്ഞ് കോമൺവെൽത്ത് ഓട്ടുകമ്പനിയിലെ ജർമ്മൻ ബംഗ്ലാവും ടിപ്പു സുൽത്താൻ കോട്ടയും സന്ദർശിച്ച സംഘം നിലവിലുള്ള സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്ര മന്ത്രാലയത്തിൽ നിന്നുള്ള നിർദ്ദേശപ്രകാരമായിരുന്നു ഉദ്യോഗസ്ഥരുടെ സന്ദർശനം. റിപ്പോർട്ട് കേന്ദ്ര പുരാവസ്തു വകുപ്പിന് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
എഫ് എം ഡി സി ഭാരവാഹികളായ ജയശങ്കർ കിളിയൻകണ്ടി, പി.ഗോപാലൻ, വിജയകുമാർ പൂതേരി, എം.എം മുസ്തഫ തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.