വടകര : കേര കർഷകർക്ക് ആശ്വാസമായി വടകരയിൽ കൊപ്ര സംഭരണ കേന്ദ്രം തുടങ്ങി. നാളികേര കർഷകർ വില നിലവാര തകർച്ച നേരിടുന്ന സമയത്താണ് കേന്ദ്ര ഏജൻസിയായ നാഫെഡ് ന്റെയും സംസ്ഥാന തല ഏജൻസിയായ കേരഫെഡ്ന്റെയും സഹകരണത്തോടെ സംഭരണ കേന്ദ്രം ആരംഭിച്ചത്. കേരഫെഡിൽ അഫിലിയേറ്റ് ചെയ്ത വടകര റൂറൽ ബാങ്കാണ് മുൻകൈയെടുത്ത് കേന്ദ്രം വടകരയിൽ സ്ഥാപിക്കുന്നത്. കൃഷി ഓഫീസർ നൽകുന്ന സാക്ഷ്യപത്രം, ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്‌ പകർപ്പ് എന്നിവ നൽകി സമൃദ്ധി പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. നാഫെഡ് നിഷ്കർഷിക്കുന്ന ഗുണ നിലവാരത്തിൽ കൊപ്ര നൽകിയാൽ താങ്ങു വിലക്ക് പുറമെ സംസ്ഥാന സർക്കാർ നൽകുന്ന സബ്‌സിഡി തുക പിന്നീട് അനുവദിക്കുന്ന മുറക്ക് കർഷകന്റെ അക്കൗണ്ടിലേക്ക് മാറ്റുന്നതാണ്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച താങ്ങു വില കിലോക്ക് 105.90 യാണ് ഇപ്പോൾ നൽകുന്നത്. മലബാറിലെ പ്രധാന വിപണിയായ വടകരയിൽ നാളികേര കർഷകർക്ക് പുത്തനുണർവ് ഉണ്ടാക്കാൻ കേന്ദ്രത്തിനു കഴിയുമെന്ന് സംഘാടകർ പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ കെ. പി ബിന്ദു ഉദ്ഘാടനം ചെയ്തു. റൂറൽ ബാങ്ക് പ്രസിഡന്റ് എ. ടി ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ ശശി കർഷകർക്കുള്ള ഈ പോർട്ടൽ രെജിസ്ട്രേഷൻ നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ. ഇ നൗഷാദ്, ഫീൽഡ് ഓഫീസർ സി. പി അബ്ദുറഹിമാൻ, അഗ്രി. ഓഫീസർമാരായ പി. ടി സന്ധ്യ, വി. കെ സിന്ധു, കേരഫെഡ് പ്രതിനിധി ആശലത, സഹകരണ അസിസ്റ്റന്റ് ഡയറക്ടർ എം.ജി സന്തോഷ്‌ കുമാർ, യൂണിറ്റ് ഇൻസ്‌പെക്ടർ ഒ. എം ബിന്ദു, ഭരണ സമിതി അംഗംങ്ങളായ സി ഭാസ്കരൻ, സി കുമാരൻ, സോമൻ മുതുവന, കെ. എം വാസു, എ. കെ ശ്രീധരൻ, സെക്രട്ടറി കെ. പി പ്രദീപ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി ടി. വി ജിതേഷ്, കെ. പി സജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കർഷകരായ പി. രവീന്ദ്രൻ, മാട്ടാണ്ടി ബാലൻ എന്നിവർക്ക് രെജിസ്ട്രേഷൻ നടത്തിയ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.